ഏറ്റുമാനൂർ∙ ഫയൽ ആരെടുക്കുമെന്നുള്ള തർക്കംമൂലം മൃതദേഹം അനാഥമായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറി വരാന്തയിൽ നാലു മണിക്കൂറോളം കിടന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച അനാഥന്റെ മൃതദേഹത്തോടാണ് അനാദരം.
ഒന്നരമാസം മുൻപു റെയിൽവേ ട്രാക്കിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ആളെ ഈസ്റ്റ് പൊലീസാണു മെഡിക്കൽ കോളജിലെത്തിച്ചത്. 63 വയസ്സുണ്ടെന്നു കരുതുന്നു. ചികിത്സയിൽ ഇരിക്കെ ഒരു മാസം മുൻപു മരിച്ചു. അന്നു മുതൽ മോർച്ചറിയിലായിരുന്നു. ബന്ധുക്കളാരും അന്വേഷിച്ചു വന്നില്ല. തുടർന്നു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനും സംസ്കരിക്കാനുമുള്ള നടപടികളുമായി ഇന്നലെ രാവിലെ പൊലീസെത്തി.ഒൻപതരയോടെ മൃതദേഹം പുറത്തിറക്കിയെങ്കിലും കേസ് ഷീറ്റ് ഉണ്ടെങ്കിലേ പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയൂവെന്നു ഫൊറൻസിക് മേധാവി അറിയിച്ചു. കേസ് ഷീറ്റ് ഇല്ലെങ്കിൽ പിജി വിദ്യാർഥികളെക്കൊണ്ട് ഒപ്പിടുവിച്ച് പോസ്റ്റ്മോർട്ടം നടത്താമെന്നും അദ്ദേഹം നിർദേശിച്ചു.മെഡിക്കൽ കോളജിലെ മെഡിക്കൽ റിക്കോർഡ്സ് ലൈബ്രറിയിലാണ് ഇത്തരം കേസ് ഫയലുകൾ.
വകുപ്പ് മേധാവിയോ അന്നേ ദിവസം ഡ്യൂട്ടിയിലുള്ള മെഡിക്കൽ ഓഫിസറോ ലൈബ്രറിയിലെത്തി ഒപ്പിട്ടുവേണം കേസ് ഫയൽ എടുക്കാനെന്നാണ് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ നിർദേശം. തുടർനടപടികൾ വന്നാൽ ഫയൽ കൈപ്പറ്റിയവർ ഹാജരാകുകയും വേണം. പിജി വിദ്യാർഥികൾ പിന്നീട് ഇവിടെ തുടരാനുള്ള സാധ്യതയില്ലാത്തതിനാൽ സാധാരണ അവരെക്കൊണ്ട് ഫയൽ എടുപ്പിക്കാറുമില്ല.
അതോടെ ആരു ഫയലെടുക്കുമെന്ന തർക്കമായി. മൃതദേഹം 4 മണിക്കൂറോളം മോർച്ചറി വരാന്തയിൽക്കിടന്നു. ഒടുവിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ഫൊറൻസിക് വിഭാഗത്തിനു കർശന നിർദേശം നൽകിയതോടെ ഒന്നരയോടെ പോസ്റ്റ്മോർട്ടത്തിന് കയറ്റി. മൂന്നോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം പൊലീസിനു കൈമാറി.7 പോസ്റ്റ്മോർട്ടങ്ങളാണ് ഇന്നലെ ഉണ്ടായിരുന്നത്. കേസുകൾ കൈകാര്യം ചെയ്യാൻ 2 പേർ മാത്രം. ഇതിനിടയിലാണ് മുൻകൂട്ടി അറിയിക്കാതെ പൊലീസ് എത്തിയത്.
ഉടൻ പോസ്റ്റ്മോർട്ടം ചെയ്തു കിട്ടണമെന്നു പൊലീസ് ആവശ്യപ്പെട്ടു. ഫ്രീസറിൽ വച്ചിരുന്ന മൃതശരീരം പുറത്തെടുത്തു കുറച്ചുസമയത്തിനു ശേഷമേ പോസ്റ്റ്മോർട്ടം ചെയ്യാനാകൂ. ആവശ്യമുള്ള രേഖകളും പൊലീസ് കൊണ്ടുവന്നില്ല. എന്നിട്ടും സമയം കണ്ടെത്തി പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു.അനാഥനായതിനാലാണു പൊലീസ് ഇടപെട്ടത്. പൊലീസ് ആവശ്യപ്പെട്ടാൽ കേസ് ഷീറ്റ് ലഭിക്കില്ല. അത് എടുക്കേണ്ടത് ഫൊറൻസിക് വകുപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.