കടുത്തുരുത്തി ∙:അധ്യാപകനെതിരെ നൽകിയ പീഡനപരാതി വ്യാജമായിരുന്നെന്ന് ഏഴുവർഷത്തിനു ശേഷം വിദ്യാർഥിനിയുടെ പരസ്യ കുറ്റസമ്മതം. കോടതിയിലെത്തി പെൺകുട്ടി കേസ് പിൻവലിച്ചു.
കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരെ 2017ൽ എറണാകുളം സ്വദേശിനിയായ വിദ്യാർഥിനിയാണു പരാതി നൽകിയത്.പെൺകുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു.സ്ഥാപനം പൂട്ടി. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിർത്തി. പരാതി കൊടുക്കുന്നതിനു മുൻപായി ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ പറയുന്നു. പിന്നീടു കേസിന്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികൾക്കിറങ്ങി. താൻ ആത്മഹത്യയ്ക്കുപോലും മുതിർന്നിരുന്നതായി ഇദ്ദേഹം പറയുന്നു.
പരാതിക്കാരി ഈയിടെയാണു ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്നു ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി, ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിൽ പീഡന പരാതി നൽകിയതാണെന്നും സമ്മതിച്ചു.
പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെൺകുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീടു കോടതിയിൽ ഹാജരായി മൊഴി കൊടുത്തതോടെ ജോമോനെ വിട്ടയച്ചു. തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നു ജോമോൻ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.