തിരുവനന്തപുരം : കേരപദ്ധതിക്ക് ലോകബാങ്ക് അനുവദിച്ച 139.65 കോടി രൂപ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ വകമാറ്റി ചെലവിട്ടു. ലോകബാങ്കിൽനിന്ന് കേന്ദ്ര സർക്കാർ വഴി ട്രഷറി അക്കൗണ്ടിൽ എത്തിയ തുക കൃഷിവകുപ്പിനു കൈമാറുന്നതിനു പകരം സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായാണ് സർക്കാർ ഉപയോഗിച്ചത്. 4 ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷത്തിന് പരോക്ഷമായും പ്രയോജനം ലഭിക്കുന്ന കേര പദ്ധതിക്ക് കഴിഞ്ഞ ഒക്ടോബർ 31നാണ് ലോകബാങ്ക് അംഗീകാരം നൽകിയത്. പിന്നാലെ തുക ട്രഷറി അക്കൗണ്ടിലെത്തി. പണം ഉടൻ പദ്ധതിയുടെ അക്കൗണ്ടിലേക്കു മാറ്റണമെന്നറിയിച്ച് കഴിഞ്ഞ മാർച്ച് 17ന് കേന്ദ്ര ധനകാര്യ മന്ത്രാലയം കേരളത്തിനു കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല.
കഴിഞ്ഞ ഫെബ്രുവരി 3നാണ് പദ്ധതി പ്രവർത്തനം തുടങ്ങേണ്ടിയിരുന്നത്. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ മാസം അവസാനം പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് പുതിയ തീരുമാനം. അടുത്ത മാസം 5 മുതൽ 12 വരെ കേരളത്തിൽ സന്ദർശനത്തിനെത്തുന്ന ലോകബാങ്ക് സംഘം ഫണ്ട് വിനിയോഗത്തെക്കുറിച്ച് ആരായാനും സാധ്യതയുണ്ട്. എന്നാൽ, പദ്ധതി തയാറെടുപ്പിനായി ഇതുവരെ 6.5 കോടി രൂപ ചെലവഴിച്ചെന്നും ബാക്കി തുക അക്കൗണ്ടിലേക്കു മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കൃഷിവകുപ്പ് അറിയിച്ചു. 2365 കോടി രൂപയുടെ പദ്ധതിയിൽ 709 കോടി രൂപ സംസ്ഥാന വിഹിതവും1655 കോടി ലോക ബാങ്ക് വിഹിതവുമാണ്. 5 വർഷം 5 ഘട്ടങ്ങളിലായിട്ടാണു പദ്ധതി നടപ്പാക്കുക."ആദ്യ ഗഡു അനുവദിച്ചിട്ടുണ്ട്, തുടർനടപടിക്രമങ്ങൾ നടക്കുന്നെന്നാണ് അറിഞ്ഞത്. ധനവകുപ്പാണ് ഇതെക്കുറിച്ച് പ്രതികരിക്കേണ്ടത്.’ – പി.പ്രസാദ്, കൃഷി മന്ത്രി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.