ബെയ്ജിങ്: ലോകത്തെ ഞെട്ടിച്ച്, ആണവായുധമല്ലാത്ത ഹൈഡ്രജന്‍ ബോംബ് (നോണ്‍ ന്യൂക്ലിയര്‍ ഹൈഡ്രജന്‍ ബോംബ്) പരീക്ഷിച്ച് ചൈന.
ചൈന സ്റ്റേറ്റ് ഷിപ്പ്ബില്‍ഡിങ് കോര്‍പ്പറേഷന്റെ കീഴിലുള്ള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ആയുധം വികസിപ്പിച്ചത്. പരമ്പരാഗത ഹൈഡ്രജന്‍ ബോംബുകളെ അപേക്ഷിച്ച് സ്ഫോടനത്തിന് ആണവോര്‍ജത്തിന് പകരം മഗ്നീഷ്യം ഹൈഡ്രൈഡ് എന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നത്. വാതകാവസ്ഥയില്‍ സംഭരിക്കാവുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഹൈഡ്രജന്‍ സംഭരിക്കാനുള്ള ശേഷി മഗ്നീഷ്യം ഹൈഡ്രൈഡിനുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.ബോംബ് ഡിറ്റണേറ്റ് ചെയ്തുകഴിഞ്ഞാല്‍ ഇതിലെ മഗ്നീഷ്യം ഹൈഡ്രൈഡ് വളരെ പെട്ടെന്ന് വിഘടിക്കാന്‍ തുടങ്ങും.ഇങ്ങനെ ചെയ്യുമ്പോള്‍ അതിഭീമമായ താപം ഉത്പാദിപ്പിക്കുന്നതിനൊപ്പം രാസപ്രവര്‍ത്തനത്തിന്റെ ഉപഫലമായി ഹൈഡ്രജന്‍ വാതകവും പുറത്തുവരും.
ഇങ്ങനെ പുറത്തുവരുന്ന ഹൈഡ്രജന്‍ വാതകത്തിന് തീപിടിക്കുന്നതോടെ താപം അതിഭീമമായി വര്‍ധിക്കുകയും 1000 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരുകയും ചെയ്യും. ബോംബ് ഡിറ്റണേറ്റ് ചെയ്ത് വെറും രണ്ട് സെക്കന്‍ഡിനുള്ളില്‍ ഇത്രയും കാര്യങ്ങള്‍ സംഭവിക്കുമെന്നതാണ് ഇതിനെ അപകടകരമാക്കുന്നത്. ടിഎന്‍ടി സ്ഫോടനത്തേക്കാള്‍ 15 മടങ്ങ് അപകടകാരിയാണ് ചൈനയുടെ പുതിയ ബോംബ്.
ബോംബ് സ്ഫോടനത്തിലൂടെ പുറത്തുവരുന്ന അതിഭീമമായ താപത്തില്‍ അലുമിനിയം പോലുള്ള ലോഹങ്ങള്‍ ഉരുകിയൊലിക്കും. ചുറ്റുപാടുമുള്ള സ്ഥലങ്ങള്‍ കത്തിയെരിയും. രണ്ട് കിലോ ഭാരം വരുന്ന ബോംബാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. പരീക്ഷണത്തില്‍ നിയന്ത്രിത സ്ഫോടനമാണ് ഗവേഷകര്‍ നടത്തിയത്.
മഗ്നീഷ്യം ഹൈഡ്രൈഡ് സ്ഫോടനത്തില്‍ ചെറുതരികളായി മാറി.അന്തരീക്ഷവുമായി പ്രതിപ്രവര്‍ത്തിച്ച് ചൂടുപിടിക്കുകയും തുടര്‍ന്ന് ഇവയില്‍ നിന്ന് ഹൈഡ്രജന്‍ വാതകം പുറത്തുവരികയും ചെയ്തു. ഇത് സമീപത്തെ അന്തരീക്ഷവുമായി ഇടകലരുകയും വളരെ പെട്ടെന്ന് സ്വയം കത്തിജ്വലിക്കുകയും ചെയ്തു. ഇതോടെ ഒരു അഗ്നിഗോളം സൃഷ്ടിക്കപ്പെട്ടു. ഇതിലൂടെ പുറത്തുവന്ന താപം കൂടുതല്‍ മഗ്നീഷ്യം ഹൈഡ്രൈഡിനെ വിഘടിപ്പിക്കുകയും ചെയിന്‍ റിയാക്ഷന് പോലെ പുറത്തുവരുന്ന താപത്തിന്റെ അളവ് വര്‍ധിക്കുകയും ചെയ്തു.
ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു.ഈ ബോംബ് യുദ്ധഭൂമിയില്‍ പ്രയോഗിക്കപ്പെട്ടാല്‍ സെക്കന്‍ഡുകള്‍ കൊണ്ട് വലിയ താപം പുറത്തുവിട്ട് വന്‍നാശനഷ്ടമുണ്ടാക്കും. അത് സഹിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കില്ല. തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ വളരെ കുറഞ്ഞ അളവിലുള്ള മഗ്നീഷ്യം ഹൈഡ്രഡിന് സാധിക്കും.
ഒരു ഇന്ധന ഡിപ്പോ തകര്‍ക്കാന്‍ വെറും ഗ്രാമുകള്‍ മാത്രം ഭാരം വരുന്ന ബോംബ് മതിയാകും. ശത്രുസൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ പ്രയോഗിച്ചാല്‍ നിമിഷങ്ങള്‍ക്കകം വെന്ത് വെണ്ണീറാകും. ശത്രുക്കളുടെ കമ്മ്യൂണിക്കേഷന്‍ കേന്ദ്രങ്ങള്‍, പ്രധാന കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍, ഊര്‍ജകേന്ദ്രങ്ങള്‍ എന്നിവ വളരെ കുറഞ്ഞ അളവുപയോഗിച്ച് നശിപ്പിക്കാം. അല്പം കൂടുതലുപയോഗിച്ചാല്‍ ഒരു പ്രദേശം തന്നെ കത്തിയമരും.
യുദ്ധത്തിൽ ഉപയോഗിക്കാനുള്ള ആയുധങ്ങളുടെ കാര്യത്തില്‍ ചൈന കൂടുതല്‍ ഗവേഷണങ്ങളാണ് നടത്തുന്നത്. മഗ്നീഷ്യം ഹൈഡ്രൈഡിന്റെ വ്യാപകമായ ഉത്പാദനം ഈ വര്‍ഷമാദ്യമാണ് ചൈനയില്‍ ആരംഭിച്ചത്. വര്‍ഷം 150 ടണ്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇപ്പോള്‍ ചൈനയ്ക്കുണ്ട്.
സാധാരണ അന്തരീക്ഷത്തില്‍ സൂക്ഷിക്കാനോ നിര്‍മിക്കാനോ സാധിക്കാത്ത രാസവസ്തുവാണ് മഗ്നീഷ്യം ഹൈഡ്രൈഡ്. ലബോറട്ടറിയില്‍ നിയന്ത്രിത സാഹചര്യത്തില്‍ ഒരുദിവസം വളരെ കുറച്ച് ഗ്രാം അളവില്‍ മാത്രമേ ഇവയെ ഉത്പാദിപ്പിക്കാന്‍ സാധിക്കൂ. ആണവായുധമല്ലാത്ത അതീവ വിനാശകാരിയായ ആയുധമാണ് ചൈന വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ലോകത്ത് ഒരുരാജ്യത്തിനും ഇത്തരത്തിലൊരു ആയുധമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.