ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം. ലക്നൗവിനെതിരെ രാജസ്ഥാൻ തോറ്റതോടെ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ് ഹോക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയർത്തിയത്. ലക്നൗ സൂപ്പർ ജയന്റ്സിനോടു രണ്ടു റൺസ് തോൽവിയാണ് രാജസ്ഥാൻ വഴങ്ങിയത്. തോൽവിക്കു പിന്നാലെ നടത്തിയ ഒരു ചാനൽ ചർച്ചയിലാണ് ടീമിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വ്യക്തി തന്നെ രംഗത്തെത്തിയത്.
‘‘വിജയത്തിലേക്കു പോയിക്കൊണ്ടിരുന്ന മത്സരം എങ്ങനെയാണു രാജസ്ഥാനു നഷ്ടമായത്? ഇതൊക്കെ രാജസ്ഥാനിലെ യുവതാരങ്ങൾക്ക് എന്തു സന്ദേശമാണു നൽകുക.’’– ചാനൽ ചർച്ചയിൽ ബിജെപി എംഎൽഎ കൂടിയായ ബിഹാനി ആരോപിച്ചു. രാജസ്ഥാനിലെ ക്രിക്കറ്റിന്റെ വളർച്ചയ്ക്കു വേണ്ടിയാണ് സംസ്ഥാന സർക്കാർ ബിഹാനിയുടെ നേതൃത്വത്തിൽ അഡ് ഹോക് കമ്മിറ്റിയെ നിയമിച്ചത്. എന്നാൽ ഐപിഎലിൽ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനോ, അഡ് ഹോക് കമ്മിറ്റിക്കോ യാതൊരു നിയന്ത്രണങ്ങളുമില്ല. ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരിന്റെ തുടർച്ചയാണ് ആരോപണമെന്നാണു വിലയിരുത്തൽ.മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. എട്ടു മത്സരങ്ങളിൽ ആറും തോറ്റ രാജസ്ഥാൻ എട്ടാം സ്ഥാനത്താണ്. അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളാണ് മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന്റെ ടോപ് സ്കോറർ. 52 പന്തുകൾ നേരിട്ട ജയ്സ്വാൾ 74 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ റിയാൻ പരാഗ് (26 പന്തിൽ 39), വൈഭവ് സൂര്യവംശി (20 പന്തിൽ 34) എന്നിവരാണു രാജസ്ഥാന്റെ മറ്റു പ്രധാന റൺവേട്ടക്കാർ. മറുപടി ബാറ്റിങ്ങിൽ യശസ്വി ജയ്സ്വാളിനൊപ്പം 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കിയ രാജസ്ഥാൻ തന്ത്രം ക്ലിക്കായി. ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 85 റണ്‍സ്. എയ്ഡൻ മാർക്രമിന്റെ ഒൻപതാം ഓവറിൽ ഋഷഭ് പന്ത് സ്റ്റംപ് ചെയ്താണ് സൂര്യവംശിയെ പുറത്താക്കുന്നത്. 11.1 ഓവറിൽ റോയൽസ് 100 കടന്നു. ഷാർദൂൽ ഠാക്കൂറിന്റെ പന്തിൽ നിതീഷ് റാണ എട്ടു റൺസ് മാത്രമെടുത്തു പുറത്തായി സ്കോർ 156 ൽ നിൽക്കെ ജയ്സ്വാളിനെ ആവേശ് ഖാൻ ബോൾഡാക്കി. തൊട്ടുപിന്നാലെ ക്യാപ്റ്റൻ പരാഗ് കൂടി പുറത്തായത് രാജസ്ഥാനെ പ്രതിരോധത്തിലാക്കി. അവസാന രണ്ടോവറുകളിൽ 20 റൺസാണു രാജസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നത്.പ്രിൻസ് യാദവ് എറിഞ്ഞ 19–ാം ഓവറിൽ ഷിമ്രോൺ ഹെറ്റ്മിയറും ധ്രുവ് ജുറേലും ചേർന്ന് 11 റൺസ് അടിച്ചു. എന്നാൽ ആവേശ് ഖാന്റെ 20–ാം ഓവറിൽ കളി മാറി.ആറു പന്തിൽ ഒൻപത് റൺസ് മാത്രം വിജയത്തിലേക്ക് ആവശ്യമായിരുന്നിട്ടും, രാജസ്ഥാന്റെ ഫിനിഷർമാർക്കു ലക്ഷ്യം കാണാൻ സാധിച്ചില്ല. ഷിമ്രോൺ ഹെറ്റ്മിയറും ധ്രുവ് ജുറേലും ഒരിക്കൽ കൂടി നിരാശപ്പെടുത്തിയതോടെ രാജസ്ഥാന്‍ സീസണിലെ ആറാം തോൽവി വഴങ്ങി. ലക്നൗവിനായി ആവേശ് ഖാൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.