ന്യൂഡല്‍ഹി: അഹമ്മദാബാദ് എഐസിസി സമ്മേളന തീരുമാനങ്ങള്‍ താഴെതട്ടിലേക്കെത്തിക്കാന്‍ പിസിസികള്‍ക്കും ഡിസിസികള്‍ക്കും നിര്‍ദേശം നല്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
പിസിസികള്‍ 10 ദിവസത്തിനുള്ളില്‍ ഡിസിസികളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും സമ്മേളന തീരുമാനങ്ങള്‍ അധ്യക്ഷന്മാരെ അറിയിക്കുകയും വേണം. സമാനമായി ഡിസിസികള്‍ ബ്ലോക്ക്, ബൂത്ത് പ്രസിഡന്റുമാരുടെയും പോഷക സംഘടന നേതാക്കളുടെയും യോഗം വിളിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.സമ്മേളന പ്രമേയം പ്രാദേശിക ഭാഷയില്‍ പ്രചരിപ്പിക്കണം. പ്രചാരണത്തില്‍ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ ടീമുകള്‍ സാധ്യമായതെല്ലാം ചെയ്യണം. ഡിസിസികള്‍ സാധാരണക്കാരിലേക്ക് എത്തും വിധത്തില്‍ തീരുമാനങ്ങള്‍ ലഘുലേഖകളാക്കി വിതരണം ചെയ്യണം.പാര്‍ട്ടി കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും എന്‍ഡിഎ, ബിജെപി സര്‍ക്കാരുകളെ തുറന്നു കാട്ടുകയും ചെയ്യുന്ന രീതിയിലാകണം ലഘുലേഖകള്‍. മാര്‍ക്കറ്റുകള്‍, മതപരമായ കൂട്ടായ്മകള്‍, പൊതു ഇടങ്ങള്‍ തുടങ്ങിയിയ സ്ഥലങ്ങളില്‍ ലഘുലേഖ വിതരണം ചെയ്യണമെന്നും നിര്‍ദേശിക്കുന്നു.
പാര്‍ട്ടിയുടെ താഴെത്തട്ടിലെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രാദേശികമാധ്യമങ്ങളെ ഡിസിസികള്‍ ക്ഷണിക്കണമെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. മഹാത്മാഗാന്ധിയുടെ ആശയദൃഢതയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രായോഗിക ശൗര്യവുമൊത്തിണങ്ങിയ പുതിയ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുമെന്നാണ് അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനം.
സബര്‍മതി തീരത്ത് നടന്ന സമ്മേളനത്തില്‍ 1700-ലധികം നേതാക്കളാണ് പങ്കെടുത്തത്. കേരളത്തില്‍ നിന്ന് 61 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സാമൂഹിക നീതിക്കും മതേതരത്വത്തിനും ഊന്നല്‍ നല്‍കാനും സംഘടനാതലത്തില്‍ ഡിസിസികളെ ശാക്തീകരിക്കാനുമുളള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സമ്മേളനം അംഗീകാരം നല്കി. ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2025 കോണ്‍ഗ്രസിന്റെ പുനര്‍ജനി വര്‍ഷമായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്നും ഒബിസി, എസ്സി, എസ്ടി, ന്യൂനപക്ഷം, മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ എന്നിവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയവും പാസാക്കിയിട്ടുണ്ട്. പാര്‍ട്ടിക്ക് കരുത്തേകാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് എഐസിസി സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കാത്തവര്‍ക്ക് പദവികളില്‍നിന്ന് നിര്‍ബന്ധിത വിരമിക്കലുണ്ടാകുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.ഡിസിസി പ്രസിഡന്റുമാരുടെ ശാക്തീകരണ നടപടി തന്നെയാകും സംഘടനയില്‍ വരുത്താനുദ്ദേശിക്കുന്ന പ്രധാനമാറ്റമെന്ന് ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.
ഡിസിസികള്‍ക്കും അധ്യക്ഷന്മാര്ക്കും പ്രവര്‍ത്തന മാര്‍ഗരേഖയിറക്കും. അത് കര്‍ശനമായി പാലിക്കണം, ഡിസിസിക്ക് കീഴിലെ മുഴുവന്‍ കമ്മിറ്റികളും അടുത്ത ഒരു വര്‍ഷത്തിനുളളില്‍ അധ്യക്ഷന്മാര് പുനസംഘടിപ്പിക്കണമെന്നാണ് മാര്‍ഗരേഖയിലെ പ്രധാന വ്യവസ്ഥ. ഗ്രൂപ്പു കളിക്ക് നിന്നുകൊടുക്കാത്ത ഡിസിസി പ്രസിഡന്റുമാരെയാണ് പാര്‍ട്ടിക്ക് ആവശ്യമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികള്‍ കഴിവുളളവരെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിക്കണം. ഇക്കാര്യത്തില്‍ ഡിസിസി അധ്യക്ഷന്മാരുടെ പ്രവര്‍ത്തനം സുതാര്യവും പക്ഷപാതരഹിതവുമാകണം. ഡിസിസി ഘടനയ്ക്ക് കൃത്യമായ മാര്‍ഗരേഖ എഐസിസി നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.