തിരുവനന്തപുരം : മോട്ടര്‍ വാഹന വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം. 221 അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഓഫിസ് വിഭാഗത്തിലും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലും ജോലി ചെയ്തിരുന്നവരെയാണ് പരസ്പരം സ്ഥലം മാറ്റിയത്. 48 മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നാലോ അതിലധികമോ വര്‍ഷം ജോലി ചെയ്യുന്ന 111 പേരെ ഓഫിസിലേക്കും ആര്‍ടി ഓഫിസുകളില്‍ ജോലി ചെയ്യുന്ന 110 പേരെ എന്‍ഫോഴ്സ്മെന്റ് വിങ്ങിലേക്കുമാണ് മാറ്റിയത്.
ചട്ടവിരുദ്ധമായാണ് സ്ഥലംമാറ്റമെന്നും കോടതിയെ സമീപിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ജനറല്‍ ട്രാന്‍സ്ഫര്‍ ഉടന്‍ നടക്കാനിരിക്കെ ഉദ്യോഗസ്ഥരോട് സമ്മതം ചോദിക്കാതെയും സീനിയോറിട്ടി നിബന്ധനകള്‍ പാലിക്കാതെയും നടത്തിയ സ്ഥലംമാറ്റം കോടതി നിര്‍ദേശത്തിനു വിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ ആരോപിച്ചു.അതേസമയം, വകുപ്പില്‍ വര്‍ഷങ്ങളായി സ്ഥലംമാറ്റം നിയമക്കുരുക്കില്‍ പെട്ടു കിടക്കുകയാണെന്നും കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അനുമതിയോടെയാണ് ഇപ്പോള്‍ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഗതാഗത കമ്മിഷണര്‍ സി.നാഗരാജു പറഞ്ഞു. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന സ്ഥലംമാറ്റ പ്രശ്നം പരിഹരിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ പദ്ധതി സമര്‍പ്പിച്ചിരുന്നു. അത് അംഗീകരിക്കപ്പെട്ടതോടെയാണ് നടപടി എടുത്തത്.ചിലര്‍ വര്‍ഷങ്ങളായി എന്‍ഫോഴ്സ്മെന്റ് വിങ്ങിലോ ഓഫിസ് വിങ്ങിലോ മാത്രമായി ജോലി ചെയ്തു വരികയാണ്. ഉദ്യോഗസ്ഥര്‍ക്ക് എല്ലാ വിഭാഗത്തിലും ജോലിപരിചയം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതുനസരിച്ചാണ് നടപടി എടുത്തിരിക്കുന്നതെന്നും ഗതാഗത കമ്മിഷണര്‍ പറഞ്ഞു. അടുത്തു തന്നെ ജനറല്‍ ട്രാന്‍സ്ഫര്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ഓപ്ഷന് നല്കാന് അവസരം ലഭിക്കുമെന്നും പരാതികള്‍ പരിഹരിക്കാന്‍ കഴിയുമെന്നും ഗതാഗത കമ്മിഷണര്‍ പറഞ്ഞു.സെയ്ഫ് കേരള പ്രോജക്ടിന്റെ ഭാഗമായി 187 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇതു പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ചില എഎംവിഐമാരെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലാണ് നിയമിച്ചിരുന്നത്. ഇവര്‍ നാലു വര്‍ഷത്തിലേറെയായി ഇവിടെത്തന്നെ തുടരുകയാണ്. സമാനമായി ആര്‍ടി ഓഫിസുകളില്‍ നിയമിച്ചവര്‍ വര്‍ഷങ്ങളായി അവിടെയും തുടരുന്ന സ്ഥിതിയാണുള്ളത്. വിവിധ തലങ്ങളില്‍ ജോലി പരിചയം ഉറപ്പാക്കുന്നതിനും സര്‍വീസ് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പരസ്പരം സ്ഥലം മാറ്റുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.