മുംബൈ: യുവതാരങ്ങൾക്കായി രാജസ്ഥാൻ റോയൽസ് ഒരുപാടു പണം വെറുതെ ചെലവഴിക്കുകയാണെന്ന ആരോപണവുമായി മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. ഐപിഎലിൽ എട്ടു മത്സരങ്ങളിൽനിന്ന് ആറു തോൽവികളുമായി രാജസ്ഥാന്‍ എട്ടാം സ്ഥാനത്തു തുടരുമ്പോഴാണ് റായുഡുവിന്റെ പരാമർശം. എല്ലാ വർഷവും യുവതാരങ്ങൾക്കു വേണ്ടി രാജസ്ഥാൻ ഒരുപാടു പണം നിക്ഷേപിക്കുന്നുണ്ടെന്നു റായുഡു ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു.
‘‘രാജസ്ഥാന്റെ കാര്യം പറയുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം വരുന്ന ചോദ്യമിതാണ്. കുറെ വർഷങ്ങളായി ഈ യുവതാരങ്ങൾക്കു വേണ്ടി അവർ ഒരുപാടു നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഇതിൽനിന്ന് എന്താണ് അവർക്കു ലഭിക്കുന്നത്? രാജസ്ഥാൻ ഒരു ഐപിഎൽ കിരീടം ജയിച്ചിട്ട് 17 വര്‍ഷമാകുന്നു. യുവതാരങ്ങളാണ് കരുത്തെന്ന് അവർ ഉയർത്തിക്കാണിക്കുന്നു. മത്സരിക്കാനാണു നിങ്ങൾ ഇവിടെയുള്ളത്.’’ഐപിഎൽ വിജയിക്കുകയാണ് എല്ലാവരുടേയും ലക്ഷ്യം. അതിനായുള്ള വഴികളൊന്നും രാജസ്ഥാൻ സ്വീകരിക്കുന്നില്ല. രാജസ്ഥാന് കപ്പൊന്നും വേണ്ടേ? വിജയത്തിലേക്കുള്ള സ്വന്തം വഴിയാണ് ഇതെന്നാണ് അവർ എല്ലാ വർഷവും പറയുന്നത്. യുവതാരങ്ങളെ ക്രിക്കറ്റ് ലോകത്തിനു സംഭാവന ചെയ്യുന്നതിൽ നന്ദിയുണ്ടാകണമെന്നാണ് അവരുടെ ആഗ്രഹം.’’– റായുഡു പറഞ്ഞു.മെഗാലേലത്തിനു മുൻപ് സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്മിയര്‍, സന്ദീപ് ശർമ എന്നീ താരങ്ങളെയാണ് രാജസ്ഥാൻ നിലനിർത്തിയത്. ഇതിൽ റിയാൻ പരാഗിനും ധ്രുവ് ജുറേലിനും 14 കോടി രൂപ വീതമാണ് രാജസ്ഥാൻ നൽകിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണിനൊപ്പം യശസ്വി ജയ്സ്വാളിനും 18 കോടി രൂപ ലഭിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.