തിരുവനന്തപുരം : പി.വി.അൻവറിനെ യുഡിഎഫിൽ എടുക്കുന്നതിനോട് എതിർപ്പില്ലെങ്കിലും അതിന്റെ പേരിൽ തൃണമൂൽ കോൺഗ്രസിനെ മുന്നണിയുടെ ഭാഗമാക്കേണ്ടതില്ലെന്നു കോൺഗ്രസ് തീരുമാനിച്ചു. ദേശീയതലത്തിൽ കോൺഗ്രസുമായി യോജിച്ചുനിൽക്കാത്ത തൃണമൂലുമായി സംസ്ഥാനത്ത് കൈകോർക്കാനാവില്ലെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടു കണക്കിലെടുത്താണിത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുന്നണി പ്രവേശനം കാത്തുനിൽക്കുന്ന അൻവറിനെ കോൺഗ്രസ് നേതൃത്വം ഇക്കാര്യം അറിയിക്കും. ഈ മാസം 23നു അൻവറുമായി കോൺഗ്രസ് നേതാക്കൾ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. തൃണമൂലിന്റെ സംസ്ഥാന കൺവീനറായ അൻവർ, പാർട്ടി ഉപേക്ഷിച്ച് യുഡിഎഫിൽ ചേരാൻ തയാറാകുമോയെന്നാണ് അറിയേണ്ടത്.വി.എസ്.ജോയിയോടാണു താൽപര്യമെങ്കിലും യുഡിഎഫ് നിർത്തുന്ന ഏതു സ്ഥാനാർഥിയെയും പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തെ അൻവർ അറിയിച്ചിട്ടുണ്ട്. പകരം, ഉപതിരഞ്ഞെടുപ്പിനു മുൻപു മുന്നണിയിലെടുക്കണമെന്നാണ് ആവശ്യം.ദേശീയതലത്തിൽ ഇന്ത്യാസഖ്യം രൂപീകരിക്കാൻ കോൺഗ്രസും തൃണമൂലും ഒന്നിച്ചു നിന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് തെറ്റിപ്പിരിഞ്ഞു. കോൺഗ്രസിനൊപ്പം സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ച തൃണമൂൽ നേതാവ് മമത ബാനർജി, ലോക്സഭാ പോരിൽ ബംഗാളിൽ ഒറ്റയ്ക്കു മത്സരിച്ചു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദയനീയമായി പരാജയപ്പെട്ട കോൺഗ്രസിനെ നിശിതമായി വിമർശിച്ച് തൃണമൂൽ രംഗത്തുവന്നതും ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളാക്കി.
തരംകിട്ടുമ്പോഴെല്ലാം കടന്നാക്രമിക്കുന്ന തൃണമൂലുമായി കേരളത്തിൽ ഒന്നിക്കേണ്ടതില്ലെന്നാണു ഹൈക്കമാൻഡിന്റെ തീരുമാനം. ഒറ്റയ്ക്കു വന്നാൽ ഒപ്പംകൂട്ടാമെന്ന കോൺഗ്രസ് നിലപാടിൽ മമതയുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും അൻവർ തീരുമാനമെടുക്കുക. നിലമ്പൂർ സ്ഥാനാർഥിയുടെ കാര്യത്തിൽ അൻവർ ഒരുതരത്തിലുള്ള സമ്മർദവും ചെലുത്തുന്നില്ലെന്നും വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ ആര്യാടൻ ഷൗക്കത്തിനെയോ വി.എസ്.ജോയിയെയോ തീരുമാനിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. സ്ഥാനാർഥിയായി കോൺഗ്രസ് ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.