ആലപ്പുഴ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ ഇനി ഏറ്റെടുക്കാനുള്ളത് രണ്ടു ഹെക്ടറോളം ഭൂമി. ഇതിൽ 1.31 ഹെക്ടറും കൊറ്റുകുളങ്ങര– ഓച്ചിറ ഭാഗത്താണ്. നിലവിൽ റോഡിന്റെ പണി പുരോഗമിക്കുകയാണെങ്കിലും ചില ഭാഗങ്ങളിൽ ആവശ്യത്തിനു വീതി പോരെന്നു കണ്ടെത്തിയതോടെയാണു വീണ്ടും ഭൂമിയേറ്റെടുക്കുന്നത്.ആദ്യ രൂപരേഖയിലും സർവേയിലും വന്ന വ്യത്യാസങ്ങൾ കാരണമാണ് എല്ലായിടത്തും 45 മീറ്റർ വീതിയില്ലാതെ വന്നത്.കൊറ്റുകുളങ്ങര– ഓച്ചിറ റീച്ചിൽ 1.31 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഉടൻ അന്തിമ വിജ്ഞാപനവും വരുന്നതോടെ ഈ ഭൂമിയും ഏറ്റെടുക്കും.
അരൂർ– തുറവൂർ ഉയരപ്പാത നിർമാണ സ്ഥലത്തും ചെറിയ തോതിൽ ഭൂമിയെടുക്കേണ്ടി വരുന്നുണ്ട്. റാംപുകളുടെ നിർമാണത്തിനും മറ്റുമാണു പ്രധാനമായും അധികമായി ഭൂമിയെടുക്കേണ്ടത്.തുറവൂർ– പറവൂർ, പറവൂർ– കൊറ്റുകുളങ്ങര റീച്ചുകളിൽ ഭൂമിയേറ്റെടുക്കൽ ഏകദേശം പൂർത്തിയായി.നങ്ങ്യാർകുളങ്ങര ജംക്‌ഷനിലെ ഫ്ലാറ്റ് സമുച്ചയം, ആലപ്പുഴ ബൈപാസ് മേൽപാലത്തിൽ നിന്നു തുറമുഖത്തേക്കുള്ള റാംപുകളുടെ നിർമാണത്തിനുള്ള സ്ഥലം എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കണമെങ്കിലും നിലവിൽ വിജ്ഞാപനം വന്നിട്ടില്ല.നങ്ങ്യാർകുളങ്ങര ജംക്‌ഷനു സമീപത്തെ ഫ്ലാറ്റ് സമുച്ചയം ഏറ്റെടുക്കുന്നതു സംബന്ധിച്ചു ദേശീയപാത അതോറിറ്റി തീരുമാനമെടുത്തില്ല. ഫ്ലാറ്റിന്റെ ഒരു ഭാഗം മാത്രമായി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഫ്ലാറ്റിലെ താമസക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം, കോഴിക്കോട് എൻഐടിയെ നിയോഗിച്ചു നടത്തിയ പഠനത്തിൽ ഭാഗികമായി പൊളിക്കുന്നതു ഫ്ലാറ്റിന്റെ മറ്റു ഭാഗങ്ങൾക്കും കേടുപാടുണ്ടാകുമെന്നു കണ്ടെത്തി. ഇതോടെ പൂർണമായും ഏറ്റെടുക്കാൻ തീരുമാനിച്ചു.പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തൽ പ്രകാരം 18 കോടിയോളം രൂപയാണു ഫ്ലാറ്റിന്റെ മൂല്യം. ഇതിന്റെ ഇരട്ടിയാണു നഷ്ടപരിഹാരമായി നൽകുക. അതായത് 35 കോടിയിലേറെ രൂപ. ജില്ലയിലെ ഏറ്റവും ചെലവേറിയ ഏറ്റെടുക്കലാകും ഫ്ലാറ്റിന്റേത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.