കോഴിക്കോട്: ആര്യാടൻ മുഹമ്മദ് അടക്കി വാണിരുന്ന നിലമ്പൂരിൽ ഇന്ന് കോൺഗ്രസിന് സ്ഥാനാർഥി നിർണയം വലിയ തലവേദന ആയിരിക്കുകയാണ്.
ആര്യാടന്‍റെ മകൻ ആര്യാടൻ ഷൗക്കത്തും ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ്‌യും തമ്മിലാണ് കടുംപിടുത്തം. പാർട്ടിക്ക് 'ജോയ്' ആയാൽ ആര്യാടൻ ഇടയും. ആര്യാടനെ 'എൻജോയ്' ആക്കിയാൽ പിവി അൻവർ തിരിഞ്ഞ് കുത്തും. ഇതാണ് നിലമ്പൂരിലെ നിലവിലെ അവസ്ഥയെന്നാണ് ചില മുതിർന്ന നേതാക്കൾ പറയുന്നത്.സംസ്ഥാന കോൺഗ്രസിൽ തലമുറ മാറ്റം വന്നപ്പോഴാണ് ആര്യാടൻ ഷൗക്കത്തിനെ മാറ്റി വി എസ് ജോയിയെ മലപ്പുറം ഡിസിസി പ്രസിഡന്‍റാക്കിയത്. രണ്ട് പേരും പഴയ 'എ' ഗ്രൂപ്പുകാർ ആയിരുന്നെങ്കിലും ജോയിയെ പുതിയ സമവാക്യത്തിലേക്ക് കൊണ്ടുവരാൻ പാർട്ടിക്ക് കഴിഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ ആശീർവാദത്തോടെ പ്രവർത്തിക്കുന്ന സതീശൻ - സുധാകരൻ ടീമിന്‍റെ ഭാഗമായത് അങ്ങിനെയാണ്.നിലമ്പൂർ പോത്തുകല്ലുകാരനായ ജോയ് സ്ഥാനാർഥിയാകണം എന്നാണ് ഈ വിഭാഗത്തിന്‍റെ താൽപര്യവും. ഒരു ക്രിസ്ത്യൻ സമുദായക്കാരൻ നിലമ്പൂരിൽ മത്സരിച്ചാൽ ഗുണം ചെയ്യുമെന്ന പി വി അൻവറിന്‍റെ പ്രസ്‌താവനയും കോൺഗ്രസ് മുഖവിലക്കെടുക്കുന്നുണ്ട്.
എന്നാൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥി കുപ്പായം തുന്നി വെച്ചിട്ട് നാളേറെയായി. നിലമ്പൂർ തന്‍റേതാണെന്ന് ഉറച്ച് വിശ്വസിക്കുന്ന നേതാവ്. അങ്ങിനെയെങ്കിൽ ആര്യാടനെ ഇറക്കിയാൽ പോരെ എന്ന് പലരും ചോദിക്കും. പക്ഷേ അവിടെയാണ് പ്രശ്‌നം. സിപിഎം സ്വതന്ത്ര കാർഡിറക്കി പിവി അൻവറിലൂടെ രണ്ട് തവണയാണ് മണ്ഡലം പിടിച്ചത്. അതിൽ തന്നെ 2016 ൽ തോൽപിച്ചത് ആര്യാടൻ ഷൗക്കത്തിനെ. അന്നു മുതൽ കൊമ്പുകോർക്കുന്നവരാണ് ഇരുവരും.എംഎൽഎ സ്ഥാനം രാജിവച്ച് യുഡിഎഫിന്‍റെ ഭാഗമായി മത്സരിക്കാനുള്ള അൻവറിന്‍റെ നീക്കത്തിനെ ശക്തമായി എതിർത്തതും ഷൗക്കത്താണ്.
മണ്ഡലത്തിൽ ചെറുതല്ലാത്ത സ്വാധീനമുള്ള അൻവർ ടീമിന്‍റെ വോട്ട് ഷൗക്കത്തിന് കിട്ടില്ലെന്ന ഭയമാണ് കോൺഗ്രസിനെ അലട്ടുന്നത്. എന്നാൽ ജോയിയെ ഉറപ്പിച്ചാൽ ഷൗക്കത്ത് ഇടയും. ഈ തവണ അങ്കത്തട്ടിൽ ഇറങ്ങി വിജയിച്ച് വന്നില്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന്‍റെ രാഷ്ട്രീയ ജീവിതം അവിടെ തീരുമെന്ന് കോൺഗ്രസ് നേതാക്കൾക്ക് നന്നായിട്ടറിയാം.
ആ ഒരു സാഹചര്യത്തിൽ ആകെ മുങ്ങിയാൽ കുളിരൊന്ന് എന്ന നീക്കം അദ്ദേഹം നടത്തുമോ എന്ന ഭയവും നേതാക്കൾക്കുണ്ട്. അതായത് സ്വതന്ത്ര കാർഡിറക്കി വീണ്ടും കളി തുടങ്ങിയ സിപിഎമ്മിന്‍റെ കോർട്ടിലേക്ക് ഷൗക്കത്ത് മറുകണ്ടം ചാടുമോ എന്ന ഭീതി. ഇത് തന്നെയാണ് നിലമ്പൂരിലെ കോൺഗ്രസിന്‍റെ വലിയ ആശയക്കുഴപ്പം.കോഴിക്കോട് ഗസ്റ്റൗസിൽ കെ സി വേണുഗോപാലും വി ഡി സതീശനും കെ സുധാകരനും രമേശ് ചെന്നിത്തലയും കൂടിയാലോചന നടത്തിയതിന് പിന്നാലെ ആര്യാടൻ ഷൗക്കത്തിന് മുൻതൂക്കം എന്ന അശരീരി പുറത്ത് വന്നത് യഥാർഥത്തിൽ പി വി അൻവറിന്‍റെ നീക്കമറിയാൻ വേണ്ടി മാത്രമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.