ചെന്നൈ: വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ നടപടി വിവാദത്തിൽ.
മധുരയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ നടന്ന പരിപാടിയിലാണ് ആർ എൻ രവി വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടത്. കമ്പ രാമായണം രചിച്ച കവിയെ ആദരിക്കുന്നതിനായി അദ്ദേഹം വിദ്യാർത്ഥികളോട് ജയ്ശ്രീറാം വിളിക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.'ഈ ദിവസം, ശ്രീരാമന്റെ വലിയ ഭക്തനായിരുന്ന അദ്ദേഹത്തിന് നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. ഞാൻ പറയും, നിങ്ങൾ ജയ് ശ്രീറാം എന്ന് ഏറ്റുപറയണം' എന്നായിരുന്നു ആർ എൻ രവി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്.ഗവർണർ രവിയുടെ നിലപാടിനെതിരെ ഭരണകക്ഷിയായ ഡിഎംകെ രംഗത്ത് വന്നിട്ടുണ്ട്. ആർഎസ്എസിന്റെ വക്താവാണ് ആർ എൻ രവിയെന്നായിരുന്നു ഡിഎംകെയുടെ വിമർശനം. ഇത് രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്ക് എതിരാണ്. ഗവർണർ എന്തിനാണ് ഭരണഘടന ലംഘിക്കാൻ വീണ്ടും വീണ്ടും ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ രാജിവയ്ക്കാത്തത്? അദ്ദേഹം ഒരു ആർഎസ്‌എസ് വക്താവാണ്. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾ അദ്ദേഹം എങ്ങനെ ലംഘിച്ചുവെന്നും അദ്ദേഹത്തിൻ്റെ സ്ഥാനം എന്താണെന്നും സുപ്രീം കോടതി അദ്ദേഹത്തിന് കാണിച്ചുകൊടുത്തുവെന്നും നമുക്കറിയാം എന്നായിരുന്നു ഡിഎംകെ വക്താവ് ധരണീധരൻ്റെ പ്രതികരണം.
ജയ് ശ്രീറാം വിളിക്കാൻ ഗവർണർ ആവശ്യപ്പെട്ടതിനെതിരെ കോൺഗ്രസ് എംഎൽഎ ആസൻ മൗലാനയും രംഗത്ത് വന്നിട്ടുണ്ട്. ഒരു മത പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു മതനേതാവിനെപ്പോലെയാണ് ഗവർണർ സംസാരിക്കുന്നതെന്ന് ആസൻ മൗലാന കുറ്റപ്പെടുത്തി. 'രാജ്യത്തെ ഏറ്റവും ഉയർന്ന പദവികളിൽ ഒന്നിലാണ് അദ്ദേഹം. ഒരു മതനേതാവിനെപ്പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്, ഇത് ഈ രാജ്യത്തിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യയിൽ വൈവിധ്യമാർന്ന മതങ്ങളും വൈവിധ്യമാർന്ന ഭാഷകളും വൈവിധ്യമാർന്ന സമൂഹങ്ങളുമുണ്ട്.ജയ് ശ്രീറാം ചൊല്ലാൻ ഗവർണർ വിദ്യാർത്ഥികളോട് നിരന്തരം പറയുന്നുണ്ട്. ഇത് അസമത്വം പ്രോത്സാഹിപ്പിക്കുകയാണ്' എന്നായിരുന്നു വാർത്താ ഏജൻസിയായ എഎൻഐയോട് ആസൻ മൗലാനയുടെ പ്രതികരണം. 'ഗവർണർ ചെയ്യാൻ പാടില്ലാത്ത മതപരമായ ചില പ്രത്യയശാസ്ത്രങ്ങളെയാണ് ഇത് പ്രോത്സാഹിപ്പിക്കുന്നത്. അദ്ദേഹം ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രചാരണ ഗുരുവായി മാറിയിരിക്കുന്നു'വെന്നും ആസൻ മൗലാന കുറ്റപ്പെടുത്തി.
തമിഴ്നാട് ഗവർണറായ ആർ എൻ രവിയെ നിയമസഭ പാസാക്കിയ ബില്ലുകൾ വൈകിപ്പിക്കുന്നതിൻ്റെ പേരിൽ സുപ്രീം കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആർ എൻ രവിയുടെ പരാമർശത്തെച്ചൊല്ലി വിവാദം ഉടലെടുത്തിരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ 10 ബില്ലുകൾ തടഞ്ഞുവയ്ക്കാനുള്ള ഗവർണറുടെ തീരുമാനത്തെ "നിയമവിരുദ്ധം" എന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. ഗവർണർമാർക്ക് ബില്ലുകളിൽ നടപടി അനിശ്ചിതമായി വൈകിപ്പിക്കാൻ കഴിയില്ലെന്നും അത്തരം നിഷ്‌ക്രിയത്വം ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി വിധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.