ജിദ്ദ: ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശിക്കും.
പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ മൂന്നാമത് സൗദി സന്ദർശനമാണിത്. ജിദ്ദയിൽ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും ഔദ്യോഗിക കൂടിക്കാഴ്ചയുണ്ടായിരിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നിലവിൽ ജിദ്ദയിലുണ്ട്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജിദ്ദ.രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തുന്ന മോദി, ജിദ്ദയിലെ പൊതു സമൂഹവുമായും സംവദിക്കുമെന്നാണ് സൂചന. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകൾ ഒപ്പിട്ടേക്കും. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്‌സ് ഈ മാസം ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഇതിന് ശേഷമായിരിക്കും മോദി ജിദ്ദയിൽ എത്തുക.
കഴിഞ്ഞ നവംബറിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചിരുന്നു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സുരക്ഷ, സംസ്കാരം എന്നീ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഈ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും ചർച്ച ചെയ്തിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2023 സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. പ്രാദേശിക സുരക്ഷാ കാര്യങ്ങളും നിർദ്ദിഷ്ട ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി)യെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാരബന്ധം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. 2016 ഏപ്രിലിലും 2019 ഒക്ടോബറിലും മോദി സൗദി സന്ദർശിച്ചിരുന്നു. ഈ രണ്ടു സന്ദർശനങ്ങളും റിയാദിലേക്കായിരുന്നു. ഇതാദ്യമായാണ് മോദി ജിദ്ദയിലേക്ക് വരുന്നത്.2020 ഡിസംബറിൽ, അന്ന് കരസേനാ മേധാവിയായിരുന്ന ജനറൽ എം.എം. നരവാനെ സൗദി അറേബ്യയിൽ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യൻ സൈനിക തലവന്റെ ആദ്യ സൗദി സന്ദർശനമായിരുന്നു ഇത്. സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അതേസമയം സൗദി ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്.
സൗദി അറേബ്യയിലെ ഇന്ത്യൻ നിക്ഷേപങ്ങളും സമീപ വർഷങ്ങളിൽ വലിയ വർധനവ് രേഖപ്പെടുത്തി. 2023 ഓഗസ്റ്റിൽ ഏകദേശം 3 ബില്യൺ യുഎസ് ഡോളറാണ് സൗദിയിലെ ഇന്ത്യൻ നിക്ഷേപം. മാനേജ്മെന്റ്, കൺസൾട്ടൻസി സേവനങ്ങൾ, നിർമ്മാണ പദ്ധതികൾ, ടെലികമ്മ്യൂണിക്കേഷൻസ്, ഐടി, സാമ്പത്തിക സേവനങ്ങൾ, സോഫ്റ്റ്‌വെയർ വികസനം, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ വിവിധ മേഖലകളിലാണ് നിക്ഷേപമുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.