മേപ്പാടി : എരുമക്കൊല്ലിയിൽ വയോധികനെ കൊന്ന കാട്ടാനയെ ഉൾ വനത്തിലേക്കു തുരത്താൻ മുത്തങ്ങയിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചു. അതേസമയം, ആനയെ മയക്കുവെടി വച്ച് പിടികൂടണമെന്ന ആവശ്യത്തിലാണു നാട്ടുകാർ. ഇന്നലെ രാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നു രണ്ടര മണിക്കൂറോളം മൃതദേഹം സംഭവ സ്ഥലത്തുനിന്നും മാറ്റാൻ സാധിച്ചിരുന്നില്ല. ആവശ്യമായ നടപടികളെടുക്കുമെന്നു വനംവകുപ്പ് ഉറപ്പു നൽകിയതിനെത്തുടർന്നു രാത്രി പന്ത്രണ്ടരയോടെയാണു മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും. ഇന്നും പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊലീസ് ഉൾപ്പെടെ സ്ഥലത്തുണ്ട്.
ഇന്നലെ രാത്രി ഒൻപത് മണിയോടെ ജോലി കഴിഞ്ഞു വീട്ടിലേക്കു സാധനങ്ങളും വാങ്ങി വരുന്നതിനിടെയാണു പൂളക്കുന്ന് സ്വദേശി അറുമുഖനെ (67) കാട്ടാന ചവിട്ടിക്കൊന്നത്. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ അറുമുഖൻ പത്ത് വർഷത്തോളമായി പൂളക്കുന്നിലാണ് താമസം. അറുമുഖന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി ഇന്നു തന്നെ 5 ലക്ഷം രൂപ അനുവദിക്കുമെന്നു വനംവകുപ്പ് അറിയിച്ചു. ഡോ.അരുൺ സക്കറിയയും സംഘവും സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വകരിക്കും. ആനയെ തിരിച്ചറിയുന്നതിനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. അതേ സമയം ഈ ആന സ്ഥിരമായി ജനവാസ മേഖലയിൽ ഇറങ്ങി പ്രശ്നമുണ്ടാക്കുന്നതാണെന്നു നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ദിവസവും ആന വീടുകൾക്കു സമീപം എത്തിയിരുന്നു. ആനയുടെ ചിത്രവും നാട്ടുകാർ പകർത്തിയിരുന്നു. എന്നാൽ ഈ ആനയാണോ അറുമുഖനെ കൊന്നതെന്ന കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ചെമ്പ്ര മലയുടെ താഴ്‌വരയിലെ തോട്ടം മേഖലയാണ് എരുമക്കൊല്ലി. ഈ പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. ഫെബ്രുവരി പത്തിന് മേപ്പാടി പഞ്ചായത്തിൽ തന്നെ ചൂരൽമലയ്ക്കു സമീപം അട്ടമല എറാട്ടുകുണ്ട് ഊരിലെ ബാലകൃഷ്ണനെ കാട്ടാന കൊലപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.