എടപ്പാൾ :സിവിൽ ജ്യുഡീഷ്യൽ ഡിപ്പാർട്ട്മെൻ്റിൽ (കോടതി) രണ്ടരപതിറ്റാണ്ടിൻ്റെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കി കലാ-സാഹിത്യ-സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന മണി എടപ്പാൾ എന്ന ഇ പി മണികണ്ഠൻ ഏപ്രിൽ 30ന് തിരൂർ മുൻസിഫ് കോടതിയുടെ പടിയിറങ്ങുന്നു. കോടതിയിലെ വളരെ ഉത്തരവാദിത്വമുള്ള, മാനസിക സമ്മർദ്ദം നിറഞ്ഞുനിൽക്കുന്ന ഒരു ബഞ്ച് ക്ലാർക്കിൻ്റെ തിരക്കുപിടിച്ച ജോലി വളരെ ആത്മാർത്ഥമായി ചെയ്തുതീർക്കുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ എന്നും ചിരിച്ച മുഖവുമായി ഏതൊരാളോടും നല്ല സൗഹാർദ്ദപരമായി പെരുമാറുന്ന ഒരത്ഭുത വ്യക്തിത്വത്തിനുടമയാണ് മണി എടപ്പാൾ.
പത്തുവർഷത്തോളം തപാൽ വകുപ്പിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. മഹാകവി അക്കിത്തം അമരക്കാരനായിരുന്ന തപസ്യ കലാ-സാഹിത്യവേദിയുടെ സംസ്ഥാന ഭാരവാഹി കൂടിയാണ് മണി എടപ്പാൾ. തപസ്യ എടപ്പാൾ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ എടപ്പാൾ ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രാങ്കണത്തിൽ 31 വർഷത്തോളമായി 10 ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന നവരാത്രി സംഗീതോത്സവത്തിൻ്റെ മുഖ്യസംഘാടകൻ കൂടിയാണദ്ദേഹം. കൂടാതെ ആകാശവാണിയിലും ആനുകാലികങ്ങളിലും കഥ, കവിത,നാടകം, ലേഖനം, ഗാനങ്ങൾ എന്നിവ അവതരിപ്പിക്കാറുണ്ട്. 1989-ൽ നെഹ്രു യുവകേന്ദ്ര സംസ്ഥാന തലത്തിൽ നടത്തിയ നാടക മത്സരത്തിൽ രചന,സംവിധാനം,അവതരണം എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങൾ വേറെയും നേടിയിട്ടുണ്ട്. മോഹക്കൊട്ടാരം,സ്നേഹസമ്മാനം(കൊറോണ സന്ദേശം), ഇംഗ്ലീഷ് ബിഗ്നേഴ്സ് എന്നീ ഷോർട്ട് ഫിലിമുകളുടെ രചന,സംവിധാനം നിർവ്വഹിച്ചു. സിനിമ-നാടക രംഗത്തും സജീവം. ഇപ്പോൾ കേന്ദ്ര ഫിലിം സെൻസർ ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എൻജഒ സംഘ്, ഭാരതീയ വിചാരകേന്ദ്രം എന്നിവയിൽ അംഗമാണ്. തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രം ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.പരേതനായ എഴുത്തച്ഛൻ പറമ്പിൽ മാധവൻ്റേയും സൗദാമിനിയുടേയും മകനാണ്.സരിത കണ്ണാഞ്ചേരിയാണ് സഹധർമ്മിണി.നിയമ വിദ്യാർത്ഥിനി മഹിത, ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി അമൃത എന്നിവർ മക്കളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.