റോത്തക് : വീട്ടുടമസ്ഥനും സുഹൃത്തുക്കളും ചേർന്ന് വാടകക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി.
ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. തന്റെ ഭാര്യയുമായി യുവാവിന് ബന്ധമുണ്ടെന്ന് വീട്ടുടമ തിരിച്ചറിഞ്ഞതാണ് ക്രൂരകൃത്യത്തിന് കാരണം. പ്രദേശത്തെ ഒരു പാടത്ത് ഏഴടി ആഴമുള്ള കുഴിയെടുത്താണ് യുവാവിനെ കുഴിച്ചിട്ടത്. പ്രതികൾ പോലീസ് പിടിയിലായി.ഹർദീപ് എന്നയാളാണ് തന്റെ വീട്ടിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന ജഗ്ദീപ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 2024 ഡിസംബറിൽ നടന്ന സംഭവത്തേക്കുറിച്ച് ഇപ്പോഴാണ് പുറംലോകമറിയുന്നത്. ബാബാ മസ്ത്നാഥ് സർവകലാശാലയിലെ യോഗാധ്യാപകനാണ് കൊല്ലപ്പെട്ട ജഗ്ദീപ്.
ചർഖി ദാദ്രിയിലെ പാന്താവാസ് ഗ്രാമത്തിൽ ഏതാനും ജോലിക്കാരെ ഉപയോഗിച്ച് ഹർദീപ് ഏഴടിയുള്ള കുഴിയുണ്ടാക്കിയിരുന്നു. കുഴൽക്കിണറിനുവേണ്ടിയാണെന്നാണ് ചോദിച്ചവരോടെല്ലാം ഹർദീപ് പറഞ്ഞിരുന്നത്. ഡിസംബർ 24-ന് ഹർദീപും സുഹൃത്തുക്കളുംചേർന്ന് ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി.
കുഴിയിലിടുംമുൻപ് ഇവർ യുവാവിന്റെ കൈകാലുകൾ ബന്ധിച്ചു. കുഴിയ്ക്കടുത്തെത്തിയ ശേഷമാണ് ജഗ്ദീപിനെ ജീവനോടെ കുഴിച്ചുമൂടാൻ ഇവർ തീരുമാനിച്ചത്. ശബ്ദമുണ്ടാക്കാതിരിക്കാൻ ജഗ്ദീപിന്റെ വായ ടേപ്പുകൊണ്ട് അടച്ചുവെക്കുകയും ചെയ്തശേഷമായിരുന്നു ക്രൂരകൃത്യം.ജഗ്ദീപിനെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ജഗ്ദീപിനെ കൊലപ്പെടുത്തി പത്തുദിവസത്തിനുശേഷം ശിവാജി കോളനി പോലീസ് സ്റ്റേഷനിലായിരുന്നു പരാതി ലഭിച്ചത്. അതുവരെ ഇരുട്ടിൽത്തപ്പുകയായിരുന്ന പോലീസിന് കച്ചിത്തുരുമ്പായത് ജഗ്ദീപിന്റെ കോൾ രേഖകൾ ലഭിച്ചതോടെയാണ്. തുടർന്നുനടത്തിയ അന്വേഷണത്തിൽ ഹർദീപും സുഹൃത്ത് ധരംപാലും കുടുങ്ങി.
ഇരുവരേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ യഥാർത്ഥവിവരങ്ങൾ പുറത്തുവന്നത്. കൊലപാതകം നടന്ന് മൂന്നുമാസത്തിനുശേഷം, മാർച്ച് 24-നാണ് ജഗ്ദീപിന്റെ മൃതശരീരം പോലീസ് കണ്ടെടുത്തത്. കേസിൽ രണ്ടുപേർകൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.