തിരുവനന്തപുരം: വാദ്യമേളങ്ങളും ദേവീമന്ത്രധ്വനികളും മുഴങ്ങി. തിങ്ങിനിറഞ്ഞ ഭക്തർ കൂപ്പുകൈകളോടെ ദേവീസ്‌തുതികൾ ഉരുവിട്ടു. ആചാരവെടികൾ മുഴങ്ങി.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. പുറത്തെ പച്ചപ്പന്തലിൽ തോറ്റംപാട്ടും ആരംഭിച്ചു. കുംഭത്തിലെ കാർത്തിക നക്ഷത്രമായ ഇന്നലെ രാവിലെ 10നായിരുന്നു കാപ്പുകെട്ടൽ ചടങ്ങ്. മകം നാളായ 13നാണ് പൊങ്കാല.ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് പഞ്ചലോഹത്തിൽ നിർമ്മിച്ച കാപ്പുകളിലൊന്ന് ദേവിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തി വി.മുരളീധരൻ നമ്പൂതിരിയുടെ കൈയിലും കെട്ടി. ഒന്നാം ദിവസത്തെ പാട്ടും പൂജയും നടത്തുന്ന നെടിയവിളാകം കുടുംബക്കാർ വ്രതശുദ്ധിയോടെ തയ്യാറാക്കിയ കാപ്പും കെട്ടാനുള്ള പുറുത്തിനാരും ക്ഷേത്രത്തിലെത്തിച്ചു. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമാണ് തന്ത്രി കാപ്പണിയിച്ചത്.
ഉത്സവം കഴിയുന്നതുവരെ മേൽശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തുടരും. 13ന് പൊങ്കാല കഴിഞ്ഞ് രാത്രിയിൽ പുറത്തെഴുന്നള്ളത്തിനെ മേൽശാന്തി അനുഗമിക്കും. പിറ്റേന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം കാപ്പഴിക്കും. തുടർന്ന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവത്തിന് സമാപനമാകും.
തോറ്റംപാട്ടിൽ ആദ്യദിവസം ദേവിയെ പാടി കുടിയിരുത്തി കഥ തുടങ്ങുന്നതാണ് ചടങ്ങ്. ദേവിയുടെ വിവാഹവർണനയാണ് രണ്ടാംദിവസം പാടുന്നത്. മൂന്നാം ഉത്സവ ദിവസമായ നാളെ രാവിലെ 9.15ന് കുത്തിയോട്ടവ്രതം ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.