തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് കുട സമ്മാനിച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെഎൻ ഗോപിനാഥ്. സമരപ്പന്തലിൽ എത്തി കുട കൊടുത്ത സുരേഷ് ഗോപി ഇനി ഉമ്മ കൊടുത്തോ എന്ന കാര്യം അറിയില്ലെന്ന് കെഎൻ ഗോപിനാഥ് പരിഹാസത്തോടെ പറഞ്ഞു.
'സമരനായകൻ സുരേഷ് ഗോപി എത്തുന്നു സമരകേന്ദ്രത്തിൽ. എല്ലാവർക്കും കുട കൊടുക്കുന്നു. ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ ഒന്ന് രണ്ട് പേർ പരാതിപ്പെട്ടതോടെ ഉമ്മ കൊടുക്കല് നിർത്തിയെന്ന് തോന്നുന്നു. ഇപ്പോൾ കുട കൊടുത്തെന്ന് കേട്ടു. കുട കൊടുക്കുന്നതിന് പകരം ഓണറേറിയത്തിന്റെ കാര്യം പാർലമെന്റിൽ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടെ? ആ ഓഫറുമായിട്ട് വേണ്ടെ സമരപ്പന്തലിൽ വരാൻ'- കെഎൻ ഗോപിനാഥ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആശാ വർക്കർമാർക്ക് മഴ നനയാതിരിക്കാൻ സുരേഷ് ഗോപി കുട എത്തിച്ചുനൽകിയത്. മഴ നനയാതിരിക്കാൻ ആശാവർക്കർമാർ കെട്ടിയ ടാർപോളിൻ പൊലീസ് അഴിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു സുരേഷ് ഗോപിയുടെ നടപടി. ടാർപോളിൻ കെട്ടി അതിന്റെ താഴെ പായ വിരിച്ചായിരുന്നു സമരരംഗത്തുളള ആശാവർക്കർമാർ ഉറങ്ങിയിരുന്നത്. ഇവരെ വിളിച്ചുണർത്തിയാണ് ടാർപോളിൻ അഴിച്ചുമാറ്റിച്ചത്. നടപടിക്കെതിരെ ആശാവർക്കർമാർ കയർത്തെങ്കിലും പൊലീസ് അയഞ്ഞില്ല.
ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സുരേഷ്‌ഗോപി മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിക്കുമെന്ന് അറിയിച്ചു. സമരസമിതിക്ക് പറയാനുള്ളത് കേൾക്കാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കും.
ആവശ്യങ്ങൾ അംഗീകരിക്കാതെ ആശാപ്രവർത്തകരെ പിരിച്ചുവിട്ടാൽ കേന്ദ്രവിഹിതത്തിൽ പുനർവിചിന്തനം വേണ്ടിവരും. ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. വിഷയം പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ക്യാബിനറ്റും ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.