കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍.
കണ്ണൂരിലെ മാളിന് സമീപത്തെ മുഴത്തടം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന താവക്കര പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം ഫാത്തിമാസില്‍ നിഹാദ് മുഹമ്മദ് (30), പെണ്‍സുഹൃത്ത് പാപ്പിനിശ്ശേരി വയലില്‍ ഹൗസില്‍ അനാമിക (26), താഴെചൊവ്വ പാതിരിപറമ്പിലെ ടി.എം.അര്ജുന് (24), ചൊവ്വയിലെ ടി.കെ.സവാദ് (24) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി 11.30-ഓടെ ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘാംഗങ്ങള്‍ ചേര്‍ന്ന് പിടികൂടിയത്.
നിഹാദില്‍നിന്ന് 2.72 ഗ്രാം എം.ഡി.എം.എ.യും അനാമികയില്‍നിന്ന് 0.22 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇരുവരും മയക്കുമരുന്ന് വില്പനക്കാരാണെന്ന് പോലീസ് പറഞ്ഞു. നിഹാദ് കാപ്പക്കേസില്‍ ഉള്‍പ്പെട്ട് അടുത്തിടെയാണ് ജയില്‍മോചിതനായത്.
പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച നിഹാദിനെ പോലീസ് കീഴ്പ്പെടുത്തി ചോദ്യംചെയ്തപ്പോഴാണ് കീശയില്‍നിന്ന് എം.ഡി.എം.എ. കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഇരുവരും വളപട്ടണം, മട്ടന്നൂര്‍, കണ്ണൂര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ്. താഴെ ചൊവ്വയില്‍ പുല്ക്കോം പാലത്തിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് ടി.കെ.സവാദിനെ പിടികൂടിയത്. ഇയാളുടെ പക്കലില്‍നിന്നും 4.54 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പോലീസിനെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനുടെ പിന്തുടര്ന്ന് പിടിക്കുകയായിരുന്നു.
താഴെചൊവ്വയിലെ പാതിരിപ്പറമ്പിലെ ടി.എം.അര്‍ജുനില്‍ നിന്നും 8.97 ഗ്രാം കഞ്ചാവാണ് പിടിച്ചത്. പോലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിടെ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. അര്ജുന് മുന്‍പും കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും മതിയായ രേഖകളില്ലാതെ താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 15-ഓളം ഹോട്ടലില്‍ പരിശോധന നടത്തിയതായി പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി പറഞ്ഞു. അടുത്തദിവസങ്ങളിലും പരിശോധന ശക്തമാക്കും.
എസ്.ഐ. പി.വിനോദ്കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ കെ.പി.സുജിത്ത്, പി.ബൈജു, കെ.മിഥുന്, മിനി, സി.പി.നാസര്‍, ഒ.റമീസ്, പി.അഫ്സീര്‍, എം.വി.സനൂപ്, അഖില്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.