കാസര്‍കോട്: കാഞ്ഞങ്ങാട് കല്യാണ്‍ റോഡില്‍ ക്രഷര്‍ മാനേജറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ചവിട്ടിനിലത്തിട്ട് 10.20 ലക്ഷം തട്ടിയത് കൃത്യമായ ആസൂത്രണത്തോടെ.
പ്രതികള്‍ ഒന്നര മാസത്തെ ഗൂഢാലോചന നടത്തിയാണ് കൃത്യത്തിലേക്കെത്തിയത്. ഇവരില്‍ ഇബ്രാനും ധനഞ്ജയ ബോറയും നേരത്തേ പരിചയക്കാരായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. മാനജേറുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ ശേഷം ഫോണ്‍ വഴിയും വാട്സാപ്പ് ചാറ്റ് വഴിയും പരസ്പരം ബന്ധപ്പെട്ടുമാണ് പ്രതികള്‍ സംഘടിച്ചത്.നിലവില്‍ തൃശ്ശൂരില്‍ ജോലിചെയ്യുന്ന ഒന്നാം പ്രതി ഇബ്രാന്‍ ആലം അടുത്തിടെയാണ് നാട്ടില്‍ പോയിവന്നത്.കവര്‍ച്ച ലക്ഷ്യമിട്ട് അവിടെനിന്ന് തോക്കുമായാണ് വന്നത്. ചന്തയില്‍നിന്നു ലഭിക്കുന്ന കളിത്തോക്കാണ് പ്രതികള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ചതെന്നും കവര്‍ച്ചയ്ക്ക് ശേഷം അത് ഉപേക്ഷിച്ചതായും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇബ്രാന്റെ നാട്ടുകാരായ രണ്ടും മൂന്നും പ്രതികള്‍ മലപ്പുറത്താണ് ജോലിചെയ്യുന്നത്. ഒന്നാം പ്രതി ഇബ്രാന്‍ ആലവും നാലാം പ്രതി ധനഞ്ജയ് ബോറയും അഞ്ചുവര്‍ഷം മുന്‍പ് കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോത്ത് ക്രഷറില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നു.
തൃശ്ശൂര്‍ സ്വദേശിയായ സാനി ആന്റണിയുടേതാണ് പെരിങ്ങോത്തെയും കാഞ്ഞങ്ങാട് കല്യാണ്‍ റോഡിലേയും ക്രഷര്‍. പെരിങ്ങോത്തെ ജാസ് ഗ്രനൈറ്റിന്റെ ശാഖയാണ് കല്യാണ്‍ റോഡിലേത്. കാര്‍ വ്യാഴാഴ്ചവരെയാണ് വാടകയ്ക്കെടുത്തത്. കവര്‍ച്ചസമയത്ത് ഉപയോഗിച്ച വസ്ത്രം കാറില്‍ ഉപേക്ഷിച്ചിരുന്നു.
കാറില്‍നിന്നും 20 വിരലടയാളങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പണം തട്ടിയശേഷം മംഗളൂരു വഴി ബെംഗളൂരുവിലെത്തുകയും അവിടെനിന്ന് നാട്ടിലേക്ക് തിരിക്കാനുമായിരുന്നു കവര്‍ച്ചാസംഘത്തിന്റെ പദ്ധതിയെന്നും പ്രതികള്‍ക്ക് നേരത്തെ വെറേ ഏതെങ്കിലും കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കാഞ്ഞങ്ങാട് കല്യാണ്‍ റോഡില്‍ ക്രഷര്‍ മാനേജര്‍ പി.പി.രവീന്ദ്രനെ (56) തോക്ക് ചൂണ്ടി 10.20 ലക്ഷം രൂപ തട്ടിയെടുത്ത നാലംഗസംഘത്തെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു. ബിഹാറിലെ കത്തിയാര്‍ ജില്ലയിലെ സെമാപുര്‍ സ്വദേശികളായ ഇബ്രാന്‍ ആലം (21), മുഹമ്മദ് മാലിക് എന്ന എ.ഡി.മാലിക് (21), മുഹമ്മദ് ഫാറൂഖ് (30), അസം ഹൊജായി മില്‍നാപുരിലെ ധനഞ്ജയ് ബോറ (22) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം നടന്നത്. ക്രഷറില്‍നിന്നുള്ള പണവുമായി താമസസ്ഥലത്തേക്ക് പോകാനായി ഓട്ടോ കാത്തുനില്ക്കുകയായിരുന്നു രവീന്ദ്രന്. പെട്ടെന്ന് രണ്ടുപേര്‍ പിറകിലൂടെയെത്തി ബലമായി പിടിച്ചു. അതിലൊരാള്‍ നെറ്റിക്കുനേരേ തോക്ക് ചൂണ്ടി. രവീന്ദ്രന്റെ കൈയിലൂണ്ടായിരുന്ന ബാഗ് കൈക്കലാക്കിയ പ്രതികള്‍ ഇദ്ദേഹത്തെ ചവിട്ടി നിലത്തിട്ടു.
ഇബ്രാനാണ് തോക്ക് ചൂണ്ടിയതും ചവിട്ടിയതും. തോക്ക് ചൂണ്ടിയ സമയത്ത് മാലിക്ക് ബാഗ് പിടിച്ചുവാങ്ങി. ബാഗുമായി ഇരുവരും കാറിലാണ് രക്ഷപ്പെട്ടത്. മുഹമ്മദ് ഫാറൂഖാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്ത് ഉപേക്ഷിച്ച് പ്രതികള്‍ തീവണ്ടിയില്‍ മംഗളൂരുവിലേക്ക് കടന്നു. ക്രഷറിലെത്തിയ രവീന്ദ്രന് ഉടമ സാനി ആന്റണിയെയും പിന്നീട് ഹൊസ്ദുര്‍ഗ് പോലീസിലും വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി കല്യാണ്‍ റോഡിലെ സി.സി.ടി.വി. പരിശോധിച്ച് വാഹനമേതെന്ന് മനസ്സിലാക്കി. കോഴിക്കോട്ടെ ഒരു സ്ഥാപനത്തില്‍നിന്ന് വാടകയ്ക്കെടുത്ത കാറായിരുന്നു അത്. അവിടെ നല്‍കിയത് മുഹമ്മദ് മാലിക്കിന്റെ വിലാസമായിരുന്നു. അതിലുണ്ടായിരുന്ന ഫോണ്‍നമ്പറെടുത്ത് ലൊക്കേഷന്‍ മനസ്സിലാക്കി കര്‍ണാടക പോലീസിന് വിവരം കൈമാറി. മംഗളൂരുവില്‍ വണ്ടിയിറങ്ങിയ പ്രതികള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് നടക്കവെയാണ് കര്‍ണാടക പോലീസ് അത്താവറില്‍വെച്ച് മൂന്നുപേരെ പിടിച്ചത്.
പിന്നാലെ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ എസ്.ഐ.മാരായ ടി.അഖില്‍, എ.ആര്.ശാര്ങ്ഗധരന്, ജോജോ ജേര്‍ജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈജു മോഹന്‍ എന്നിവരും ഡ്രൈവര്‍ ടി.ഷബ്ജുവും മംഗളൂരുവിലെത്തി വ്യാഴാഴ്ച പുലര്‍ച്ചയോടെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി. പ്രതികളുടെ പക്കല്‍ 9.15 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. 49,000 രൂപ ബാങ്കിലിട്ടെന്നും 55,500 രൂപ ചെലവഴിച്ചെന്നുമാണ് പ്രതികള്‍ നല്കിയ മൊഴി.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത്, ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി.അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്തത് ഇതേ ക്രഷറില്‍ പണിയെടുക്കുന്ന ധനഞ്ജയ് ബോറയാണെന്ന് മനസ്സിലായി. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.