മുംബൈ ; താനൂരിൽനിന്നു കാണാതായ 2 പെൺകുട്ടികൾ മുംബൈയിലെ ലാസ്യ സലൂണിൽ മുടി ട്രിം ചെയ്യാൻ എത്തിയത് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ. മുഖം മറച്ചാണ് ഇരുവരും എത്തിയത്.
ഹിന്ദിയോ ഇംഗ്ലിഷോ സംസാരിക്കാത്ത പെൺകുട്ടികൾക്ക് മലയാളം മാത്രമാണ് അറിയാമായിരുന്നത്. ഇതോടെ മലയാളം അറിയാവുന്ന ജീവനക്കാരൻ പെൺകുട്ടികൾക്കൊപ്പം നിന്നു.മുടി സ്ട്രെയിറ്റ് ചെയ്യണമെന്നും മുഖത്തിന്റെ ലുക്ക് മാറ്റണമെന്നുമാണ് വിദ്യാർഥിനികൾ ആവശ്യപ്പെട്ടത്. നീളമുള്ള മുടി മുറിച്ചു.
പേരും മൊബൈൽ നമ്പരും ചോദിച്ചപ്പോൾ ഫോൺ കാണാതായെന്ന് പറഞ്ഞ് പേരു മാത്രമാണ് നൽകിയത്. ട്രീറ്റ്‌മെന്റ് നടക്കുമ്പോൾ തന്നെ സമയമായെന്നും വേഗം പോകണമന്നും പറഞ്ഞു. ഇത്രയും പണം മുടക്കുമ്പോൾ മുഴുവനായി ചെയ്യണമെന്നു ജീവനക്കാർ വിശദീകരിച്ചു. ഇതിനിടെ പെൺകുട്ടികളെ ആൺസുഹൃത്ത് വിളിക്കുന്നുണ്ടായിരുന്നു.
പെൺകുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നു എന്നാണ് ജീവനക്കാർ പറഞ്ഞത്. രണ്ടു പേരും കൂടി 10,000 രൂപയുടെ ട്രീറ്റ്മെന്റാണ് ചെയ്തത്. ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് വന്നതെന്നും പൻവേലിലേക്ക് പോകുമെന്നും ജീവനക്കാരോട് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴേക്കും പെൺകുട്ടികൾ പരുങ്ങി. പിന്നീട് വിദ്യാർഥിനികൾ വേഗം സ്ഥലം കാലിയാക്കി.
വിദ്യാർഥിനികൾ സ്ഥലംവിട്ട ശേഷം പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് കേരളത്തിൽനിന്നു കാണാതായ പെൺകുട്ടികളാണ് സലൂണിൽ എത്തിയതെന്ന് ജീവനക്കാർ അറിയുന്നത്. വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് യുവാവ് ഒപ്പം പോയതെന്നാണ് എടവണ്ണ സ്വദേശിയായ യുവാവിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്.
പിന്നീട് വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ യുവാവ് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞെന്നും യുവാവിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് ഇയാൾ കൂടെ പോയതെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.