ന്യൂഡൽഹി: ആശാവർക്കർമാർക്ക് സാമ്പത്തികാനുകൂല്യം വർദ്ധിപ്പിക്കാൻ ദേശീയ ആരോഗ്യ മിഷൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ജെ.പി. നദ്ദ. ആശമാർക്കുള്ള വിഹിതത്തിൽ കേരളത്തിന് കുടിശിക തീർത്തു നൽകിയിട്ടുണ്ടെന്നും രാജ്യസഭയിൽ പറഞ്ഞു. നൽകിയ തുക ചെലവാക്കിയതിന്റെ രേഖ കേരളം സമർപ്പിച്ചിട്ടുമില്ല.
സി.പി.ഐയിലെ പി. സന്തോഷ്‌കുമാറിന് മറുപടി നൽകുകയായിരുന്നു നദ്ദ. കഴിഞ്ഞയാഴ്‌ച നടന്ന ദേശീയ ആരോഗ്യ മിഷൻ യോഗം ആശാവർക്കർമാർ നടത്തുന്ന സ്തുത്യർഹ സേവനത്തിന് സാമ്പത്തിക സഹായം കൂട്ടണമെന്ന് വിലയിരുത്തി. ബന്ധപ്പെട്ട അനുമതി ലഭിച്ചാൽ തുടർ നടപടിയുണ്ടാകും.
അതേസമയം. അഡ്വ. ഹാരിസ് ബീരാന് ആരോഗ്യമന്ത്രി പ്രതാപ് റാവു യാദവ് രാജ്യസഭയിലും ഹൈബി ഈഡന് സഹമന്ത്രി സാവിത്രി ഠാക്കൂർ ലോക്സഭയിലും നൽകിയ മറുപടിയിൽ ഇൻസെന്റീവ് വർദ്ധനയെക്കുറിച്ച് സൂചനയില്ല. വിവിധ പദ്ധതികൾക്കു കീഴിൽ ഇൻഷ്വറൻസ് ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നായിരുന്നു മറുപടി.
നോട്ടീസ് നൽകും
600 കോടി നൽകാനുള്ളപ്പോൾ കേരളത്തിന് കുടിശികയില്ലെന്ന് കള്ളം പറഞ്ഞ് മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് സന്തോഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അവകാശലംഘനത്തിന് നോട്ടീസ് നൽകും. കേരളത്തിന് കഴിഞ്ഞ വർഷം മാത്രം 100 കോടി രൂപ നൽകാനുണ്ട്. ആശാവർക്കർമാരുടെ സ്‌കീം വർക്കർ പദവി മാറ്റുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിട്ടുമില്ല.
യു.ഡി.എഫ് ധർണ
ആശാവർക്കർമാരുടെ വേതന വർദ്ധനയിൽ അനുകൂല തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ ഇന്നലെ രാവിലെ പാർലമെന്റിന് മുന്നിൽ ധർണ നടത്തി. കെ.സി. വേണുഗോപാൽ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.