കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളേജിന്റെ മെന്‍സ് ഹോസ്റ്റലില്‍ കെഎസ്യു പ്രവര്‍ത്തകരുടെ മുറിയില്‍നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന് എസ്എഫ്ഐ കളമശ്ശേരി ഏരിയാ പ്രസിഡന്റ് ദേവരാജ്.
ആദില്‍, ആകാശ് എന്നീ വിദ്യാര്‍ഥികളുടെ മുറിയില്‍നിന്നാണ് രണ്ടുകിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്.കഴിഞ്ഞവര്‍ഷം കെഎസ്യുവിനു വേണ്ടി ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചയാളാണ് ആദിലെന്നും ദേവരാജ് പറഞ്ഞു.കോളേജ് യൂണിയന് സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ അഭിരാജ്, നിരപരാധിയാണെന്നും ദേവരാജ് കൂട്ടിച്ചേര്‍ത്തു. റെയ്ഡ് നടന്ന സമയത്ത് അഭിരാജ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നും എസ്എഫ്ഐ യൂണിറ്റ് സമ്മേളനത്തിന്റെ അലങ്കാരജോലികളുമായി ബന്ധപ്പെട്ട് കാമ്പസിനുള്ളിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് ഹോസ്റ്റലിന്റെ താഴത്തെയും മുകളിലത്തെയും നിലകളിലെ മുറികളിലാണ് പരിശോധന നടന്നതെന്നും താഴത്തെ നിലയിലെ ആകാശ്, ആദില്‍ എന്നീ വിദ്യാര്‍ഥികളുടെ മുറിയില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെന്നും ദേവരാജ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി റെയ്ഡ് നടന്നപ്പോള്‍ കാമ്പസിനുള്ളിലുണ്ടായിരുന്ന ആദില്‍, ഹോസ്റ്റലില്‍നിന്ന് ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞവര്‍ഷം കാമ്പസില്‍ നടന്ന യൂണിയന് തിരഞ്ഞെടുപ്പില്‍ ആദില്‍ കെഎസ്യുവിനു വേണ്ടി ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചയാളാണ്, ദേവരാജ് പറഞ്ഞു.
റെയ്ഡില്‍ കഞ്ചാവു പിടിച്ച സംഭവത്തില്‍ ആകാശ് എന്ന വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദിലും അനന്തു എന്ന മറ്റൊരു വിദ്യാര്‍ഥിയും ചേര്‍ന്നാണ് കാമ്പസിനകത്തേക്ക് കഞ്ചാവ് കൊണ്ടുവന്നതെന്ന് ആകാശ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അനന്തുവും കാമ്പസിലെ സജീവ കെഎസ്യു പ്രവര്‍ത്തകനാണ്. കാമ്പസില്‍ എസ്എഫ്ഐയുടെ യൂണിയന്റെ ഭാഗമായി നില്ക്കുന്ന ഏഴ് വിദ്യാര്‍ഥികളോ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ വിദ്യാര്‍ഥികളോ ഒരു തരത്തിലുള്ള ലഹരിയും ഉപയോഗിക്കാത്തവരാണ്, ദേവരാജ് കൂട്ടിച്ചേര്‍ത്തു.
എസ്എഫ്ഐ നേതാവായ അഭിരാജിന്റെ കയ്യില്‍നിന്നോ ഷര്‍ട്ടിന്റെയോ ബാഗിന്റെയോ ഉള്ളില്‍നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ല. റെയ്ഡ് നടക്കുന്ന സമയത്ത് അഭിരാജ് ഹോസ്റ്റലിനുള്ളില്‍ പോലും ഉണ്ടായിരുന്നില്ല. ഇന്ന് നടക്കാനിരുന്ന എസ്എഫ്ഐ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി അലങ്കാര പരിപാടികളുമായി ബന്ധപ്പെട്ട് അഭിരാജ് കാമ്പസിലായിരുന്നു.
റെയ്ഡ് നടക്കുന്നു എന്നറിഞ്ഞ് മറ്റുള്ളവര്‍ക്കൊപ്പമാണ് അഭിരാജും എത്തിയത്. താന്‍ ഇത് ഉപയോഗിക്കുന്നില്ലെന്നും തന്റേതല്ലെന്നും അറിയില്ലെന്നും അഭിരാജ് പറഞ്ഞിരുന്നു. എന്നിട്ടും പോലീസ് അഭിരാജിനെ ഭീഷണിപ്പെടുത്തുകയും കേസ് എടുക്കുകയുമാണ് ചെയ്തത്. തെറ്റായ കാര്യങ്ങളിലേക്ക് പോകാത്തയാളാണ് അഭിരാജ് എന്ന് എസ്എഫ്ഐക്ക് നൂറുശതമാനം ഉറപ്പുണ്ട്.
ലഹരിക്കെതിരേ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന, ലഹരിമാഫിയയുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന സംഘടനയാണ് കളമശ്ശേരിയിലെ എസ്എഫ്ഐ. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു കാരണവശാലും എസ്എഫ്ഐ തയ്യാറാവില്ല. ആദിലും അനന്തുവും നാടുവിട്ടു. ഇവര്‍ എവിടെ പോയെന്ന് പോലീസ് അന്വേഷിക്കുന്നു പോലുമില്ലെന്നും ദേവരാജ് ആരോപിച്ചു.
കോളേജ് ഹോസ്റ്റലില്‍ നടത്തിയ റെയ്ഡില്‍ എസ്എഫ്ഐ നേതാവും കരുനാഗപ്പള്ളി സ്വദേശിയുമായ അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന് എന്നിവരുടെ മുറികളില്‍നിന്ന് ഒമ്പത് ഗ്രാം കഞ്ചാവാണ് പിടികൂടിയിരുന്നു. ഇവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. മറ്റൊരു മുറിയില്‍നിന്ന് 1.9 കിലോ കഞ്ചാവും പിടിച്ചെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.