കവന്‍ട്രി: ഓരോ ദിവസവും എന്ന നിലയില്‍ യുകെ മലയാളികളെ തേടി എത്തുന്ന മരണ പരമ്പരയില്‍ ഏറ്റവും ഒടുവിലായി ഇന്ന് പുലര്‍ച്ചെ എത്തിയത് ലീഡ്സിലെ നവമലയാളിയായ അനീഷിന്റെ മരണ വാര്‍ത്തയാണ്.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ അനീഷ് യുകെയില്‍ എത്തിയിട്ട് വെറും ആറുമാസം മാത്രമേ ആയിട്ടുള്ളൂ എന്നതും കുടുംബത്തിന്റെ വേദനയും പ്രയാസവും ഇരട്ടിയാകുകയാണ്. ലീഡ്സിലെ മലയാളികളെ ഒന്ന് പരിചയപെടുവാന്‍ പോലും സമയം ലഭിക്കും മുന്‍പാണ് അനീഷിനെ മരണം തട്ടിയെടുത്തിരിക്കുന്നത്.ഇന്ന് പുലര്‍ച്ചെ ഉറക്കമെണീറ്റപ്പോള് ഭാര്യ നല്കിയ കാപ്പി കട്ടിലില്‍ ഇരുന്നു തന്നെ കുടിച്ചു പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതെയാണ് വിധി അനീഷിനെ തട്ടിയെടുത്തത്. കാപ്പി നല്കിയ ശേഷം വീടിന്റെ താഴത്തെ നിലയിലേക്ക് പോയ ഭാര്യ പിന്നീട് കാണുന്നത് കാപ്പിക്കപ്പുമായി ചാരി അനക്കമറ്റ നിലയില്‍ ഇരിക്കുന്ന അനീഷിനെയാണ് എന്ന് ഇപ്പോള്‍ വീട്ടില്‍ എത്തിയ മലയാളികള്‍ പങ്കുവയ്ക്കുന്ന വിവരം.
ലീഡ്സ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സ് ആയ ഭാര്യ ഉടന്‍ തന്നെ സിപിആര്‍ നല്കി അനീഷിന്റെ ജീവന് രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല എന്നാണ് അനീഷിന്റെ വീട്ടില്‍ നിന്നും ലഭിക്കുന്ന വിവരം.
ഭര്‍ത്താവിന്റെ ജീവന് രക്ഷിക്കാനായി സിപിആര്‍ നല്കവേ തന്നെ ഹോസ്പിറ്റലില്‍ വിളിച്ചു സഹായ അഭ്യര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് പാഞ്ഞെത്തിയ ആംബുലന്‍സ് ജീവനക്കാര്‍ക്കും അനീഷിനെ രക്ഷിക്കാനായില്ല. ഏകദേശം 45 മിനിറ്റ് നേരം കിണഞ്ഞു പരിശ്രമിച്ച പാരാമെഡിക്സ് ജീവനക്കാര്‍ ഒടുവില്‍ വീട്ടില്‍ വച്ച് തന്നെ മരണം സ്ഥിരീകരിക്കുക ആയിരുന്നു.
പോലീസ് എത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ഹോസ്പിറ്റലിലേക്ക് നീക്കിയിരിക്കുകയാണ്. മിന്നല്‍ വേഗത്തില്‍ പാഞ്ഞെത്തിയ മരണത്തിനു മുന്പില് എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുന്ന അനീഷിന്റെ ഭാര്യയ്ക്കും പത്തു വയസില്‍ താഴെ മാത്രമുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളെയും എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാത്ത പ്രയാസമാണ് ലീഡ്സ് മലയാളികള്‍ പങ്കു വയ്ക്കുന്നത്.
രണ്ടു മാസം കൂടി കാത്തിരുന്നാല്‍ നാല്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ കാത്തിരുന്ന അനീഷിനെ അതിനൊന്നും അനുവദിക്കാതെ എത്തിയ മരണം ഹൃദയാഘാതം മൂലം സംഭവിച്ചതാണ് എന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. ശാരീരികമായ ഒരു അസുഖവും അനീഷിന് ഉണ്ടായിരുന്നില്ല എന്നാണ് ഭാര്യ പങ്കുവയ്ക്കുന്ന വിവരം.
നാട്ടില്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം എത്രയും വേഗത്തില്‍ നാട്ടില്‍ എത്തിക്കാന്‍ മലയാളി സമൂഹം മുന്‍കൈ എടുക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. മുന്‍പ് ഓക്സ്ഫോര്‍ഡില്‍ താമസിച്ചിരുന്ന അനീഷിന്റെ ഭാര്യ ലീഡ്സില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് അങ്ങോട്ട് താമസം മാറുന്നത്. തുടര്‍ന്നാണ് അനീഷും കുട്ടികളും യുകെയിലേക്ക് എത്തുന്നത്. ലീഡ്സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ അനീഷിന്റെ കുടുംബത്തെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.