താമരശ്ശേരി: ‘‘ഷഹബാസേ ഇങ്ങനെ കിടക്കല്ലേടാ... എഴുന്നേൽക്ക്, അവരെന്തിനാ നിന്നെ കൊന്നുകളഞ്ഞത്’’ -കൂട്ടുകാരൻ അൻസാഫിന്റെ കരച്ചിലിൽ മൃതദേഹം പൊതുദർശനത്തിനുവെച്ച ചുങ്കം കടവൂർ മദ്രസഹാളിലെ ആൾക്കൂട്ടം ഉള്ളുലഞ്ഞ് കണ്ണീർവാർത്തു.
‘‘ഓൻ നമ്മടെ കൂടെയുണ്ട് എവിടെയും പോയിട്ടില്ലെടാ...’’ ഒപ്പമുണ്ടായിരുന്ന സൽമാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ‘‘ഷഹബാസേ എഴുന്നേൽക്കെടാ, കണ്ണുതുറക്കെടാ. ഞാനാ അൻസാഫാണെടാ’’ -സങ്കടപ്പെരുമഴ പെയ്യിച്ച് ആ വാക്കുകൾ ഹാളുനിറയെ മുഴങ്ങിക്കൊണ്ടേയിരുന്നു. ഒടുവിൽ പ്രിയകൂട്ടുകാരന് അന്ത്യചുംബനംനൽകി കണ്ടുനിന്നവരെ കണ്ണീരിൽമുക്കിയാണ് അൻസാഫ് ഇറങ്ങിയത്.
പൂനൂരിലെ ട്യൂഷൻ സെൻററിൽ സഹപാഠികളാണ് ഷഹബാസും അൻസാഫും. ‘‘തലേദിവസം അവനെ ഞാൻ വിളിച്ചിരുന്നു. പക്ഷേ ഫോൺ എടുത്തില്ല, അറിഞ്ഞിരുന്നെങ്കിൽ അവനെ ഒറ്റയ്ക്കുവിടുമായിരുന്നില്ല...’’ -ഷഹബാസിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിടാനാകാതെ വാക്കുകൾ മുറിഞ്ഞു.
പ്രിയപ്പെട്ട കൂട്ടുകാരൻ ജീവനറ്റുകിടക്കുന്ന കാഴ്ച താങ്ങാവുന്നതിലും അപ്പുറമായിരുന്നു സഹപാഠികൾക്ക്. അവരെ ആശ്വസിപ്പിക്കാൻ പാടുപെടുകയായിരുന്നു നാട്ടുകാർ. അവരെ ചേർത്തുപിടിച്ച് സാന്ത്വനിപ്പിക്കാൻ ശ്രമിക്കുമ്പോൾ വട്ടോളി എം.ജെ.എച്ച്.എസ്.എസ്. അധ്യാപകരുടെയും കണ്ണുകൾ നിറഞ്ഞുതുളുമ്പി. ‘‘നിഷ്കളങ്കതയുള്ള പാവം മോനായിരുന്നു ഷഹബാസ്’’ കെമിസ്ട്രി അധ്യാപിക സെലീനയുടെ വാക്കുകൾ.
‘ക്ലാസിൽ അച്ചടക്കമുള്ള കുട്ടിയായിരുന്നു. പ്രശ്നക്കാരുടെ കൂട്ടത്തിലുമല്ല. കഴിഞ്ഞവർഷത്തെ ക്ലാസ് ലീഡറായിരുന്നു. എല്ലാത്തിലും സജീവമായിരുന്നു.
പഠനത്തിലും മിടുക്കൻ. മോഡൽ പരീക്ഷയുടെ മീറ്റിങ് ശനിയാഴ്ച നടക്കാനിരുന്നതാണ്. അപ്പോഴാണ് സംഭവം. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെയല്ലേ കുട്ടികൾ കൊല്ലുന്നത്.
മരിച്ചുകിടക്കുന്ന മുഖംകണ്ടാൽ അവനാണെന്ന് തോന്നുകയില്ല. നീരുവെച്ച് വല്ലാതെയായിട്ടുണ്ട്. ഫോട്ടോയിൽ കാണുന്നതാണ് യഥാർഥമുഖം. ഞങ്ങളുടെ ഷഹബാസിനെ അങ്ങനെ ഓർക്കാനാണ് ഞങ്ങൾക്കും ഇഷ്ടം’-ടീച്ചർ പറയുമ്പോൾ കേട്ടുനിന്നവരുടെ മനസ്സിടറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.