പൊന്നാനി: കണ്ട കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി, അന്താരാഷ്ട്ര കൃഷ്ണ ബോധ സമിതിയുടെ (ഇസ്കോൺ) ഗുരുവായൂർ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരേ കൃഷ്ണ സത്സംഗവും പന്ത്രണ്ട് ദിവസങ്ങളിലായി നടന്ന പൂരാഘോഷവും സമാപിച്ചു.
ആത്മീയ പ്രഭാഷണങ്ങളും കീർത്തനങ്ങളും
ഒമ്പത് ദിവസങ്ങളിലായി നടന്ന ഹരേ കൃഷ്ണ സത്സംഗത്തിൽ പ്രമുഖ ആചാര്യൻ എച്ച്.ജി. രഘുരാമ നാരായണദാസ് നേതൃത്വം നൽകി. വൈകുണ്ഠേശ്വര ദാസ്, വിജയ മുകുന്ദദാസ്, വിശ്വംഭര ചൈതന്യദാസ് തുടങ്ങിയ പ്രമുഖ ആചാര്യന്മാരും കീർത്തന പ്രഭാഷകരും പങ്കെടുത്ത സത്സംഗം ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു.
നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ ആത്മീയ പ്രഭാഷണങ്ങളും ഭക്തിഗാന കീർത്തനങ്ങളും അരങ്ങേറി. രഘുരാമ നാരായണദാസിന്റെ സമഗ്ര ആത്മീയ നേതൃത്വത്തെയും ആധ്യാത്മിക സേവനത്തെയും കണക്കിലെടുത്ത് കണ്ട കുറുമ്പക്കാവ് ക്ഷേത്ര കമ്മിറ്റി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ഷേത്ര കമ്മിറ്റി ജനറൽ സെക്രട്ടറി ചാത്തമ്പത്ത് മോഹനൻ നായർ, ട്രഷറർ രാധാകൃഷ്ണൻ മേനോൻ, വിജയ മുകുന്ദദാസ്, വിശ്വംഭര ചൈതന്യദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഭക്തിസാന്ദ്രമായ ആത്മീയ സന്ദേശങ്ങൾ പങ്കുവെക്കുന്നതിനും ഈശ്വര സ്മരണയിലൂടെ ജീവിത പരിഷ്കാരത്തിന് വഴിയൊരുക്കുന്നതിനും ഈ സത്സംഗം വേദിയായി. ഭക്തി, കീർത്തനം, പ്രഭാഷണം എന്നിവയുടെ സംയുക്തതയിലൂടെ ഭഗവാൻ കൃഷ്ണന്റെ മഹിമയെ ഭക്തജനങ്ങൾക്ക് അടുത്തറിയാൻ സാധിച്ചത് ഇസ്കോൺ ഗുരുവായൂർ കേന്ദ്രത്തിന്റെ ശ്രമഫലമായാണ്. ആത്മീയ ഉണർവിനും ഭക്തിസാന്ദ്രതയ്ക്കും വേദിയാകുന്ന ഇത്തരം പരിപാടികൾ ഭാവിയിലും തുടരുമെന്ന് സംഘാടകർ അറിയിച്ചു.
പൂരാഘോഷം സമാപിച്ചു
പന്ത്രണ്ട് ദിവസങ്ങള്‍ വര്‍ണ്ണവും നാദവും ശബ്ദഘോഷവുമായി പൊന്നാനിയെ ഉത്സവ ലഹരിയിലാറാടിച്ച കണ്ട കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷങ്ങള്‍ക്ക് ഇന്നലെ (2025 മാര്‍ച്ച് 25) സമാപനമായി. താലപ്പൊലി മഹോത്സവത്തിന് ദേശത്തിന്റെ വിവിധ ദിക്കുകളില്‍ നിന്ന് ആയിരങ്ങളാണ് എത്തിയത്. ഉഷപൂജയ്ക്ക് ശേഷം കീര്‍ത്തനങ്ങള്‍, കേളി, നാദസ്വരം, ചാക്യാര്‍കൂത്ത് എന്നീ പരിപാടികള്‍ നടന്നു. പതിനൊന്ന് മണിയോടെ കാവിലമ്മ തിരുമനശ്ശേരീ കോട്ടയിലേക്ക് ആനപ്പുറത്തെഴുന്നെള്ളി.
കോട്ടയില്‍ നിന്നും രണ്ട് മണിയോടെ ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്ര സന്നിദ്ധിയിലേക്ക് കാവിലമ്മ എഴുന്നള്ളി. വൈകീട്ട് മേളവും തായമ്പകയും അരങ്ങേറി. രാത്രി ഏഴിന് വര്‍ണ്ണ വിസ്മയം തീര്‍ത്ത് ഫാന്‍സി വെടിക്കെട്ടും ഉണ്ടായിരുന്നു. രാത്രി പന്ത്രണ്ടെ മുപ്പതിന് കോട്ടയില്‍ നിന്ന് താലം കൊളുത്തല്‍, കാവില്‍ പഞ്ചവാദ്യം, മേളം, കളപ്രദക്ഷിണം, പാവക്കൂത്ത്, പുലര്‍ച്ചെ കൂട്ടവെടിയോടെ പൂരത്തിന് പരിസമാപ്തിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.