തിരുവനന്തപുരം: കേരളത്തിൽ രണ്ടുമാസത്തിനിടെ നടന്ന 63 കൊലപാതകങ്ങളിൽ 30 എണ്ണത്തിനും ലഹരിബന്ധമെന്ന് പോലീസ്. രാസലഹരിയോ മദ്യമോ ഉപയോഗിച്ചശേഷം കൊലപാതകം നടത്തിയ കേസുകളാണിവ.
50 കൊലപാതകങ്ങൾ വീടിനുള്ളിൽ നടന്നതോ സുഹൃത്തുക്കളുമായുണ്ടായ വഴക്കിനെത്തുടർന്നുണ്ടായതോ ആണ്.ഇക്കൊല്ലമുണ്ടായ കുറ്റകൃത്യങ്ങളിൽ 20 ശതമാനവും ലഹരിബന്ധമുള്ളതാണെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ലഹരിയുടെ ആവശ്യക്കാർ വർധിക്കുന്നതായാണ് പോലീസ് നടത്തിയ അവലോകനത്തിൽ കണ്ടെത്തിയത്.ഒഡിഷയിൽ മലയാളിയുടെ കഞ്ചാവുകൃഷി
കേരളത്തിലേക്ക് കഞ്ചാവും മയക്കുമരുന്നും ഏറെയുമെത്തുന്നത് പശ്ചിമബംഗാൾ, ഒഡിഷ, ഗോവ, ബിഹാർ, കർണാടക പ്രത്യേകിച്ച് ബെംഗളൂരു എന്നിവിടങ്ങളിൽനിന്നാണ്. തീവണ്ടിമാർഗവും ബസ് വഴിയും എത്തുന്നുണ്ട്. പിന്നിൽ ഭൂരിപക്ഷവും മലയാളികൾതന്നെ.
ഒഡിഷയിൽ ഭൂമി പാട്ടത്തിനെടുത്ത് കഞ്ചാവുകൃഷി ചെയ്യുന്ന മലയാളിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഒഡിഷയിലെ അധികൃതരെ അറിയിച്ചിട്ടുമുണ്ട്. സിന്തെറ്റിക് ലഹരിവസ്തുക്കൾ വിദേശത്തുനിന്ന് ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽ എത്തിച്ചശേഷം കേരളത്തിലേക്ക് ചില്ലറവിൽപ്പനയ്ക്കായി എത്തിക്കുകയാണ്.
കൂടാതെ, രാസലഹരികൾ ഈ സംസ്ഥാനങ്ങളിൽ നിർമിക്കുന്നതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ വിദേശത്തുനിന്ന് ലഹരിവസ്തുക്കൾ നേരിട്ട് എത്തുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. ഏതാനും മാസംമുൻപ് ഒമാനിൽനിന്ന് കൊണ്ടുവന്ന രാസലഹരി പിടികൂടിയതും തായ്‌ലൻഡിലേക്ക് ലഹരി കടത്താൻ ശ്രമിച്ചത് പിടികൂടിയതുമാണ് പ്രധാന സംഭവങ്ങൾ.
പിടികൂടിയത് കോടികൾ വിലവരുന്ന എം.ഡി.എം.എ.
മയക്കുമരുന്ന് സ്രോതസ്സ് കണ്ടെത്തി വിതരണം തടയുന്നതിൽ പോലീസ് പരാജപ്പെടുന്നുവെന്നാണ് ആരോപണം. എന്നാൽ, കഴിഞ്ഞമാസം 22 മുതൽ ഈ മാസം ഒന്നാംതീയതിവരെമാത്രം കേരളത്തിൽ കോടികൾ വിലവരുന്ന 1.31 കിലോ എം.ഡി.എം.എ. പോലീസ് പിടിച്ചെടുത്തു. കൂടാതെ, 153.56 കിലോ കഞ്ചാവും. 17,246 പേരെ ഇതിനായി പരിശോധിച്ചു.
ഇവയ്ക്കുപുറമേ ബ്രൗൺഷുഗർ, ഹെറോയിൻ, ഹാഷിഷ് ഓയിൽ, വിവിധതരം ലഹരിഗുളികകൾ എന്നിവയും പോലീസ് പിടികൂടിയിരുന്നു. 2854 പേർ അറസ്റ്റിലായി. 2762 കേസുകളും രജിസ്റ്റർചെയ്തു.
രക്ഷിതാക്കൾക്ക് ജാഗ്രത വേണം
നഗരങ്ങളിലും ഗ്രാമങ്ങളിലും ലഹരിവസ്തുക്കൾക്ക് ഒരുപോലെ ആവശ്യക്കാരുണ്ട്. രക്ഷിതാക്കളുടെ തലത്തിൽത്തന്നെ ഇതിനെതിരേയുള്ള ബോധവത്കരണമുണ്ടാകണം. സ്‌കൂളുകൾ, കോളേജുകൾ, ഐ.ടി. പാർക്കുകൾ എന്നിവിടങ്ങളിൽ പോലീസ് ബോധവത്കരണവും പരിശോധനയും നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.