ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ എസ്ബിഐ എടിഎമ്മിൽനിന്ന് മിനിറ്റുകൾക്കുള്ളിൽ ലക്ഷങ്ങൾ കവർന്ന് അഞ്ചംഗ സംഘം. നാലു മിനിറ്റിനുള്ളിൽ എടിഎം കുത്തി തുറന്ന് 29.69 ലക്ഷം രൂപയാണ് കവർന്നത്. ഇന്നു പുലർച്ചെ 1.56നാണു സംഭവം. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുന്നു.
എടിഎം കവർച്ച ഇങ്ങനെ;
പുലർച്ചെയോടെ എടിഎമ്മിന്റെ അടുത്തേക്കു വളരെ സ്വഭാവികമായി ഒരാൾ നടന്നുവന്നു ഗേറ്റിനടുത്തുള്ള സിസിടിവിയിൽ എന്തോ സ്പ്രേ ചെയ്തു. തുടർന്ന്, അലാറം സെൻസറുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കി.
പിന്നീട്, ഇരുമ്പ് ദണ്ഡും ഗ്യാസ് കട്ടറും ഉപയോഗിച്ച് എടിഎം തകർത്ത് പണം എടുത്തു രക്ഷപ്പെടുകയായിരുന്നു. എടിഎമ്മിന്റെ ഷട്ടർ അടച്ചതിനു ശേഷമാണു കവർച്ചാസംഘം രക്ഷപ്പെട്ടത്.
എടിഎമ്മിനുള്ളിൽ കയറിയ മൂന്നു പേർ കൂടാതെ എടിഎമ്മിനു പുറത്തും കാറിലുമായി മറ്റു രണ്ടു പേർ കൂടിയുണ്ടായിരുന്നെന്നു പൊലീസ് അറിയിച്ചു.
ഇവർ സഞ്ചരിച്ച കാർ പ്രദേശത്തെ പല സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. ഇതേ സംഘം മറ്റൊരു എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമിച്ചതായും അലാറം സെൻസറുകളിൽനിന്നു ഷോക്കേറ്റതിനെ തുടർന്നു പദ്ധതി ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു. ഹരിയാനയിൽനിന്നുള്ള സംഘമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബെംഗളൂരുവിലും തമിഴ്നാട്ടിലും കവർച്ച നടത്തിയ അതേ സംഘമാവാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.