ന്യൂഡൽഹി: യെമൻ പൗരനെ വധിച്ച കേസിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് ദീപാ ജോസഫ്.
നിമിഷപ്രിയയുടെ സന്ദേശം തളളിക്കളയാനാകില്ലെന്നും ഈദിന് ശേഷം ഒരുപക്ഷേ വധശിക്ഷ നടപ്പാക്കുന്നതിനായി നടപടികൾ തുടങ്ങിയേക്കാമെന്നും അവർ പറഞ്ഞു. ഈ സാഹചര്യത്തിൽ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണമെന്നും ഇനി കേന്ദ്രത്തിന് മാത്രമേ ഈക്കാര്യത്തിൽ സഹായിക്കാനാകൂവെന്നും എന്നും ദീപാ ജോസഫ് വ്യക്തമാക്കി.
ഇന്നലെയാണ് വധശിക്ഷ നടപ്പിലാക്കാൻ ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി അറിയിച്ചെന്ന നിമിഷപ്രിയയുടെ സന്ദേശം പുറത്തുവന്നത്. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തിൽ പറഞ്ഞത്.
ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ ഇടപ്പാളിനാണ് ഓഡിയോ സന്ദേശം ലഭിച്ചത്. യെമനിൽ ഇപ്പോൾ കോടതികൾ അവധിയാണെന്നും നിമിഷപ്രിയയുടെ സന്ദേശം ശരിയാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും നിമിഷപ്രിയ ആക്ഷൻ കൗൺസിൽ മെമ്പർ സാമുവലും പറഞ്ഞിരുന്നു.
അതേസമയം, നിമിഷപ്രിയയ്ക്ക് ലഭിച്ച സന്ദേശം വ്യാജമാണെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. 2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.
നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തി. എന്നാൽ ഈ ചർച്ചകൾ വഴിമുട്ടി.
തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷപ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.