തിരുവനന്തപുരം; തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് സംസ്ഥാനത്ത് വന്‍ പ്രചാരണ പരിപാടികള്‍ നടത്താനൊരുങ്ങി ബിജെപി.
കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചകളും കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന പ്രചാരണവും തുറന്നുകാട്ടാനുള്ള പരിപാടികള്‍ ഊര്‍ജിതമാക്കുമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍, സെക്രട്ടറി എസ്. സുരേഷ് എന്നിവര്‍ പറഞ്ഞു.യോഗശേഷം കാര്യങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്താതിരുന്നത് കെ. സുരേന്ദ്രന് കാലത്തില്‍നിന്നുള്ള ശൈലീമാറ്റത്തിന്റെ സൂചനയായി.സംസ്ഥാനസര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം വച്ച് കേന്ദ്രപദ്ധതികള്‍ ഫലപ്രദമായി സംസ്ഥാനത്തു നടപ്പാക്കാന്‍ തയാറാകുന്നില്ലെന്നും അതിന്റെ ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുകയാണെന്നും പി.സുധീര്‍ പറഞ്ഞു.
ജനോപകാരപ്രദമായ നൂറു കണക്കിന് പദ്ധതികളാണ് കേന്ദ്രം നടപ്പാക്കുന്നത്. എന്നാല്‍ അതിന്റെ ഗുണഫലം സംസ്ഥാനത്തെ അര്‍ഹരായ ജനങ്ങള്‍ക്കു കൃത്യമായി ലഭിക്കുന്നില്ല. രാഷ്ട്രീയവൈരാഗ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രപദ്ധതികളുടെ ഗുണഫലങ്ങള്‍ അര്‍ഹരായവരില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുകയാണ്.
ബൂത്ത് തലത്തില്‍ പദ്ധതികളുടെ പ്രചാരണപ്രവര്‍ത്തനങ്ങളും ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും ശക്തമാക്കും. ബിജെപി പ്രവര്‍ത്തകരുടെ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുമാറും. 30 ജില്ലാ കമ്മിറ്റി ഓഫിസുകളില്‍ ഏപ്രില്‍ 15ന് മുന്‍പ് ഇതിനായി ഹെല്പ് ഡെസ്കുകള്‍ ആരംഭിക്കുമെന്നും സുധീര്‍ പറഞ്ഞു.
കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ നിരന്തരം പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നു സുധീര്‍ ആരോപിച്ചു. ചരിത്രത്തില്‍ ഉണ്ടാകാത്ത തരത്തിലാണ് കേന്ദ്രം കേരളത്തിനു ഫണ്ട് നല്‍കിയിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി ഉള്‍പ്പെടെ വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്നതു ബിജെപി തുറന്നുകാട്ടും.
ലഘുലേഖകള്‍ തയറാക്കി പ്രവര്‍ത്തകര്‍ വീടുകളെത്തി കാര്യങ്ങള്‍ വിദശീകരിക്കുമെന്നും സുധീര്‍ പറഞ്ഞു. എംപുരാന് സിനിമ സംബന്ധിച്ച് പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സുധീര്‍ പറഞ്ഞു. സിനിമ സിനിമയുടെ വഴിക്കു പോകും. ഒരു സിനിമയും ബിജെപിക്കു പ്രശ്നമല്ലെന്നും സുധീര്‍ വ്യക്തമാക്കി.
45 ദിവസമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുമായി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു ചര്‍ച്ച നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇത്രത്തോളം ഏകാധിപതിയായി മുഖ്യമന്ത്രി മാറരുത്. ആശാ വര്‍ക്കര്‍മാരെ ആരോഗ്യ ജീവനക്കാരാക്കുന്നതു സംബന്ധിച്ച് കോര്‍കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തില്ല. ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നുമാണ് സമരം ചെയ്യുന്ന ആശമാരുടെ ആവശ്യം.
ഇതു രണ്ടും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അതിനു കേന്ദ്രത്തെ പഴി പറഞ്ഞിട്ടു കാര്യമില്ല. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞിട്ടുണ്ട്. ഇതിനു പുറമേ ബിജെപി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ആശമാര്‍ക്ക് ഓണറേറിയും കൂട്ടി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും സുധീര്‍ പറഞ്ഞു.
വി.വി. രാജേഷിന് എതിരെ ബിജെപി സംസ്ഥാന ഓഫിസിനു മുന്നില്‍ പോസ്റ്റര്‍ പതിച്ചത് പാര്‍ട്ടിക്കു പുറത്തുനിന്നുള്ളവരാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും പി. സുധീര്‍ പറഞ്ഞു. പാര്‍ട്ടി ബന്ധമുള്ള ആര്‍ക്കും ഇതില്‍ പങ്കില്ല. വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച് പ്രതികളെ കണ്ടെത്തണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.