ജയ്പുര്‍: മഹാകുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലായ 'ഐ.ഐ.ടി ബാബ' എന്ന അഭയ് സിങ് കഞ്ചാവ് കൈവശംവെച്ചതിന് പോലീസിന്റെ പിടിയിലായി.
രാജസ്ഥാനിലെ ജയ്പുരിലുള്ള ഹോട്ടലില്‍നിന്നാണ് പോലീസ് ഐ.ഐ.ടി. ബാബയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. എന്‍.ഡി.പി.എസ്. പ്രകാരം കേസെടുത്തെങ്കിലും പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ഇയാളെ ചോദ്യംചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു.ഐ.ഐ.ടി. ബാബ നഗരത്തിലെ ഹോട്ടലിലുണ്ടെന്നും ആത്മഹത്യചെയ്യാന്‍ പോവുകയാണെന്നുമുള്ള സന്ദേശമാണ് പോലീസിന് ആദ്യം ലഭിച്ചത്. ഐ.ഐ.ടി. ബാബയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലെ ചില പോസ്റ്റുകള്‍ കണ്ട് ചില അനുയായികളാണ് പോലീസിനെ ഈ വിവരമറിയിച്ചത്.
തുടര്‍ന്ന് പോലീസ് ഹോട്ടലിലെത്തിയപ്പോള്‍ താന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ഐ.ഐ.ടി. ബാബ തുറന്നുപറഞ്ഞു. കൈവശം കഞ്ചാവുണ്ടെന്നും സമ്മതിച്ചു. അബോധാവസ്ഥയിലാകാം താന്‍ പലതും പറഞ്ഞതെന്നും ഇയാള്‍ മൊഴി നല്കി. എന്നാല്‍, കഞ്ചാവ് കൈവശമുള്ളതിനാല്‍ എന്‍.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലിന് ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചെന്നും ആവശ്യമെങ്കിലും വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
കഞ്ചാവ് കൈവശംവെച്ചതിന് പോലീസ് പിടികൂടിയ കാര്യം ഐ.ഐ.ടി. ബാബയും സ്ഥിരീകരിച്ചു. കുറഞ്ഞ അളവായതിനാല്‍ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ കൈയിലുണ്ടായിരുന്നത് പ്രസാദമായിരുന്നു എന്നായിരുന്നു ഐ.ഐ.ടി. ബാബയുടെ പ്രതികരണം. എല്ലാ ഋഷിമാരുടെ കൈയിലും ഈ പ്രസാദമുണ്ടെന്നും ഇത് നിയമവിരുദ്ധമാണെങ്കില്‍ മഹാകുംഭമേളയില്‍ പങ്കെടുത്ത ഋഷിമാരെയെല്ലാം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
മഹാകുംഭമേളയ്ക്കിടെയാണ് അഭയ് സിങ് എന്ന ഐ.ഐ.ടി. ബാബ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ബോംബെ ഐ.ഐ.ടി.യില്നിന്ന് ഏയറോസ്പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദധാരിയാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. കാനഡയില്‍ പ്രതിവര്‍ഷം 36 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് താന്‍ ആത്മീയവഴിയിലെത്തിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.