കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി.
മാത്യു കുഴൽനാടൻ എംഎൽഎയും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് ഹൈക്കോടതി തളളിയത്. ജസ്റ്റിസ് കെ ബാബുവിന്റെ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.വീണാ വിജയന്റെ സ്ഥാപനമായ എക്‌സാലോജികും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിൽ നടത്തിയ വൻ സാമ്പത്തിക ഇടപാടുകളിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി.
മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി, സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നുമായിരുന്നു വാദം.
ഹർജികൾ തളളിയതിൽ മാത്യു കുഴൽനാടനും പ്രതികരിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ വിധിയിൽ നിരാശയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. 'കൂടുതൽ തെളിവുകളുമായി ഇനിയും കോടതിയെ സമീപിക്കും. ഈ വിധി നിരാശപ്പെടുത്തുന്നില്ല.
വിധി വിശദമായി പഠിച്ചതിനുശേഷം അടുത്ത നീക്കം നടത്തും. പൗരനെന്ന നിലയിൽ അഴിമതിക്കെതിരെ പോരാടും. എനിക്ക് 100 ശതമാനം ബോധമുളള കാര്യങ്ങളാണ് കോടതിയോട് പറഞ്ഞിട്ടുളളത്. പച്ചയായ അഴിമതിയാണ് നടന്നത്'- അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.