തൃശ്ശൂർ പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കും; ആന എഴുന്നള്ളിപ്പും വെടിക്കെട്ടും ഉണ്ടാവും; മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സുരക്ഷയ്ക്കായി ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ തീരുമാനം.

പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കാനാണ് നടപടി. പൂരം നടത്തിപ്പിൽ പാളിച്ചകൾ ഉണ്ടായതായി കഴിഞ്ഞ തവണ പരാതി ഉയർന്ന സാഹചര്യത്തിൽ ഇത് ആവർത്തിക്കാതിരിക്കാൻ ദേവസ്വങ്ങൾ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൂരത്തിൻ്റെ ശോഭ കെടുത്താത്ത രീതിയിലാകണം സുരക്ഷാ ക്രമീകരണങ്ങളെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പങ്കെടുത്തു.

മെയ് 6 നാണ് ഈ വർഷത്തെ തൃശ്ശൂർ പൂരം. പൂരം നടത്തിപ്പിൽ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ലെന്നും ആചാരങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയിൽ വിട്ടുവീഴ്ച വരാത്ത വിധത്തിലായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂരം എക്സിബിഷൻ വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തറവാടക പ്രശ്‌നം രമ്യമായി പരിഹരിക്കാൻ അദ്ദേഹം ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. നേരത്തെ മുന്നോട്ടുവെച്ച ഒത്ത് തീർപ്പ് വ്യവസ്ഥ കൊച്ചിൻ ദേവസ്വം ബോർഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കും.

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണ സംവിധാനം ഉറപ്പ് വരുത്താൻ നിർദ്ദേശം നൽകി. സുരക്ഷാ മുൻകരുതലുകൾ, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെടുന്നുണ്ടോ എന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കണം. പൂരം ദിവസങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും എക്സ്പ്ലോസീവ് നടപടികളും സ്വീകരിക്കണം. ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ പോലീസുമായി ചേർന്ന് ഒരുക്കണം. കഴിഞ്ഞ വർഷം ഉയർന്നുവന്ന ആക്ഷേപങ്ങളും പരാതികളും ഈ വർഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത പാലിക്കണം. ഉത്സവം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ ജാഗ്രത സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ത്യശ്ശൂർ പൂരം വെടിക്കെട്ട് നടത്തുന്നതിന് ആവശ്യമായ ലൈസൻസുകൾ അനുവദിക്കും. വെടിക്കെട്ട് നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തും. 2024 ഒക്ടോബർ 11ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം അനുസരിച്ച് നിബന്ധനകൾ നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രായോഗികമായി ചെയ്യാവുന്നത് ജില്ലാ ഭരണകൂടം പൊലീസുമായി ചേർന്ന് പരിശോധിക്കും.

പൂരത്തോടനുബന്ധിച്ച് മാലിന്യ ശേഖരണം, സംസ്കരണം, നഗര പ്രദേശത്തെ നഗരസഭാ റോഡുകളുടെ നവീകരണം, ഹോട്ടലുകളിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം വഴി നടത്തുന്ന പരിശോധനകൾ, തെരുവ് വിളക്കുകളുടെ പരിപാലനം എന്നിവ തൃശൂർ കോർപ്പറേഷൻ ഉറപ്പാക്കണം. നാട്ടാനകളുടെ ഓണർഷിപ്പ് സർട്ടിഫിക്കറ്റുകൾ സുപ്രീം കോടതിയുടെ 1.11.2018 ലെ ഉത്തരവ് പ്രകാരം കാലതാമസമുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇത് പരിശോധിച്ച് അടിയന്തര നടപടി വനം വകുപ്പ് കൈക്കൊള്ളും.

പൂരത്തിൻ്റെ ശോഭ കെടാത്ത വിധത്തിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും, ആനകളുടെ ഫിറ്റ്നസ്. വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികൾ പോലീസും ജില്ലാ ഭരണ സംവിധാനവുമായി ചേർന്ന് കൈക്കൊള്ളണം. പൂരം നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ ആരോഗ്യരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ആവശ്യത്തിന് ഡോക്‌ടർമാർ ജീവനക്കാർ, ആംബുലൻസുകൾ എന്നിവ സജ്ജീകരിക്കണം. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആശുപത്രികൾ സജ്ജമാക്കണം. സർക്കാർ ആശുപത്രികളോടൊപ്പം തൃശ്ശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രികൾക്കും അലർട്ട് മെസ്സേജ് നൽകുമ്പോൾ കൃത്യമായി പ്രാവർത്തികമാക്കാൻ നിർദ്ദേശം നൽകണം.

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തും തേക്കിൻകാട് മൈതാനത്തും അഗ്നിരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാ ഉപകരണങ്ങളും വിന്യസിക്കണം. അപകട സാധ്യതകൾ മുൻകൂട്ടി സ്വീകരിക്കണ്ട് പൂരത്തിന് മുൻപ് മോക് ഡ്രിൽ നടത്തി കരുതൽ നടപടികൾ വേണം. കഴിഞ്ഞ വർഷത്തെ തൃശ്ശൂർ പൂരത്തിൻ്റെ സംഘാടനത്തിൽ പാളിച്ചകൾ ഉണ്ടായതായി പരാതികൾ ഉയർന്നിരുന്നു. ഇത്തവണ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേവസ്വങ്ങളും അധികാരികളും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. 

വന്യു വകുപ്പ് മന്ത്രി കെ. രാജൻ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു , ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ , ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ , റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ , സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്, ഇൻറലിജൻസ് മേധാവി പി വിജയൻ, വനം വകുപ്പ് മേധാവി ഗംഗ സിംഗ്, തൃശൂർ എം എൽ എ പി. ബാലചന്ദ്രൻ, തൃശൂർ മേയർ എം കെ വർഗ്ഗീസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ, കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !