ന്യൂഡൽഹി: കേന്ദ്രവുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിച്ച് അനുനയത്തിലൂടെ ആവശ്യങ്ങൾ നേടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നീക്കത്തിൽ ശുഭപ്രതീക്ഷ.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പിന്തുണയോടെ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനെ സംസ്ഥാന സർക്കാർ കേരള ഹൗസിലേക്ക് ക്ഷണിക്കുകയും ഇന്നലെ രാവിലെ പ്രഭാത ഭക്ഷണത്തിന് എത്തുകയും ചെയ്തതോടെയാണ് മഞ്ഞുരുകിയത്.മുഖ്യമന്ത്രി കേരളത്തിന്റെ ആവശ്യങ്ങൾ ഒന്നൊന്നായി ഉന്നയിച്ചു. ഗവർണർ പൂർണ പിന്തുണ നൽകി ചർച്ചയിൽ പങ്കാളിയായി. നിർമ്മല സീതാരാമൻ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നാണ് ഉറപ്പ്. ഉദ്യോഗസ്ഥ തലത്തിൽ അടക്കം ചർച്ചകൾ തുടരും.
സിൽവർ ലൈനും മുഖ്യമന്ത്രി ഉന്നയിച്ചു. വയനാട് പുനരധിവാസം,വിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്, കടമെടുപ്പ് പരിധി, എയിംസ്, ജി.എസ്.ടി നഷ്‌ടപരിഹാരം എന്നിവയ്ക്കു പുറമേ, സാമ്പത്തിക പ്രതിസന്ധിയും ശ്രദ്ധയിൽപ്പെടുത്തി. അതേസമയം, ആശാ വർക്കർമാരുടെ വിഷയം ചർച്ചയായില്ല. സംസ്ഥാനത്തിന്റെ ഡൽഹി പ്രതിനിധി പ്രൊഫ.കെ.വി.തോമസും പങ്കാളിയായി.
വയനാട് പുനരധിവാസത്തിനായി അനുവദിച്ച 529.5 കോടി ചെലവഴിക്കാൻ അനുവദിച്ച സമയപരിധി മാർച്ച് 31ൽ നിന്ന് നീട്ടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ടൗൺഷിപ്പിന്റെ തറക്കല്ലിടൽ മാർച്ച് 27ന് നടത്തുമെന്ന് അറിയിച്ചു. പുരധിവാസ നടപടികൾക്ക് കേന്ദ്രത്തിന്റെ പൂർണപിന്തുണ തേടിയപ്പോൾ തീർച്ചയായും പരിശോധിക്കാമെന്നായിരുന്നു നിർമ്മലയുടെ മറുപടി.
ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ഗവർണർ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കൈകൂപ്പി വിജയചിഹ്നം കാണിച്ചതും ശ്രദ്ധേയം. കേന്ദ്രമന്ത്രിയുടേത് അനൗദ്യോഗിക സന്ദർശനമായിരുന്നുവെന്ന വാർത്താക്കുറിപ്പാണ് സർക്കാർ ഇറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.