കോഴിക്കോട്; വിൽപനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടിടങ്ങളിൽ നിന്നായി യുവതി ഉൾപ്പെടെ മൂന്നുപേര്‍ പിടിയിൽ. അരക്കിണർ ചാക്കിരിക്കാട് പറമ്പ് കെ.പി.ഹൗസിൽ കെ.പി.മുനാഫിസ് (29), തൃശൂർ ചേലക്കര അന്ത്രോട്ടിൽ ഹൗസിൽ എ.കെ.ധനൂപ് (26), ആലപ്പുഴ തുണ്ടോളി പാലിയ്യത്തയ്യിൽ ഹൗസിൽ അതുല്യ റോബിൻ (24) എന്നിവരാണ് പിടിയിലായത്.
രണ്ടിടങ്ങളിൽ നിന്നായി 50.950 ഗ്രാം എംഡിഎംഎ പിടികൂടി. പിടിയിലായ മൂന്നു പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഇവർ ആർക്കൊക്കെയാണ് ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇവരുടെ കൂട്ടാളികളെന്നും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നർകോട്ടിക് സെൽ അസി. കമ്മിഷണർ കെ.എ.ബോസ് പറഞ്ഞു.മാവൂർ റോഡ് മൃഗാശുപത്രിക്ക് സമീപമുള്ള റോഡിൽ നിന്നാണ് 14.950 ഗ്രാം എംഡിഎംഎയുമായി മുനാഫിസ് പിടിയിലായത്. എംടെക് വിദ്യാർഥിയായ ഇയാൾ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ്. 700 ഗ്രാം എംഡിഎംഎയുമായി പിടിയിലായതിന് ബെംഗളൂരുവിലും ഹാഷിഷുമായി പിടിയിലായതിന് ദുബായിലും ഇയാൾക്കെതിരെ കേസുണ്ട്. നാലര വർഷം ദുബായ് ജയിലിലും 8 മാസം ബെംഗളൂരു ജയിലിലും കഴിഞ്ഞിരുന്നു.
ബെംഗളൂരുവിൽ എത്തുന്ന യുവാക്കൾക്ക് ലഹരി എത്തിച്ചുകൊടുക്കുന്നതും ഇയാളാണ്. ‘ടോണി’ എന്ന പേരിലാണ് ബെംഗളൂരുവിലെ ലഹരിമരുന്ന് വിൽപനക്കാർക്കിടയിൽ അറിയപ്പെടുന്നത്. 7 ഭാഷകൾ സംസാരിക്കുന്ന മുനാഫിസ് ഏത് നാട്ടുകാരനാണെന്ന് അറിയിക്കാതെയാണ് ബെംഗളൂരുവിൽ താമസിച്ച് ലഹരി വിൽപന നടത്തിയിരുന്നത്.
കോഴിക്കോട് അരയടത്തു പാലം ഭാഗത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് 36 ഗ്രാം എംഡിഎംഎയുമായി ധനൂപും അതുല്യയും പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത്. ലഹരിമരുന്ന് കാരിയർ ആയി അതുല്യ മുൻപ് കോഴിക്കോട് എത്തിയിട്ടുണ്ടെന്ന സൂചനയെ തുടർന്ന് ഡാൻസാഫ് ടീം നിരീക്ഷണം നടത്തിവരികയായിരുന്നു. കഞ്ചാവുമായി പിടിയിലായതിന് ധനൂപിനെതിരെ ബെംഗളൂരുവിൽ കേസുണ്ട്. രണ്ട് മാസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്.
നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർമാരായ എൻ.ലീല, സാബുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഡൻസാഫ് എസ്ഐമാരായ മനോജ് ഇടയേടത്ത്, കെ.അബ്ദുറഹ്മാൻ, എഎസ്ഐ അനീഷ് മുസ്സേൻവീട്, കെ.അഖിലേഷ്, സുനോജ് കാരയിൽ, എം.കെ.ലതീഷ്,
പി.കെ.സരുൺകുമാർ, എം.ഷിനോജ്, എൻ.കെ.ശ്രീശാന്ത്, പി.അഭിജിത്ത്, ഇ.വി.അതുൽ, കെ.എം.മുഹമദ് മഷ്ഹൂർ, നടക്കാവ് സ്റ്റേഷനിലെ എഎസ്ഐമാരായ ഹസീസ്, സന്തോഷ്, എസ്‌സിപിഒമാരായ രാകേഷ്, ഹരീഷ് കുമാർ, ശിഹാബുദ്ധീൻ, ബിജു, രതീഷ്, സോമിനി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.