ചിറ്റൂർ: കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിൽ വീട് കേന്ദ്രീകരിച്ച് നടത്തിയ ഹണി ട്രാപ്പ് കവർച്ചയിൽ മഞ്ചേരി സ്വദേശിനിയും ഗൂഢല്ലൂർ നിവാസിയുമായ മൈമുന(44), കുറ്റിപ്പള്ളം പാറക്കാൽ വട്ടേക്കാട് എസ്.ശ്രീജേഷ്(24) എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചൊവ്വാഴ്ച മൈമുനയും മറ്റൊരു യുവാവും ജോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജോത്സ്യനെ രണ്ട് യുവാക്കൾ ചേർന്ന് കല്ലാണ്ടിച്ചള്ളയിൽ കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എൻ.പ്രതീഷിന്റെ(37) വീട്ടിലേക്ക് കൊണ്ടുപോയി.
തുടർന്ന് പൂജ ചെയ്യാനുള്ള ഒരുക്കങ്ങൾക്കിടെ പ്രതീഷ് അസഭ്യം പറഞ്ഞ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും മർദ്ദിച്ച് വിവസ്ത്രനാക്കുകയും ചെയ്തു. ശേഷം നഗ്നയായി മുറിയിലെത്തിയ മൈമുനയെ ജ്യോത്സ്യനൊപ്പം നിറുത്തി ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചു.ജ്യോത്സ്യന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവൻ സ്വർണ മാലയും മൊബൈൽ ഫോണും 2000 രൂപയും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. തന്നില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അല്പസമയത്തിനുശേഷം ഇവർ പുറത്തുപോയ തക്കത്തിന് പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് ജോത്സ്യൻ പറഞ്ഞു.
ചിറ്റൂർ പൊലീസ് മറ്റൊരു പ്രതിയെ തേടി സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ഞായറാഴ്ച നടന്ന അടിപിടിയുമായി ബന്ധപ്പെട്ട പ്രതിയുടെ മൊബൈൽ ലൊക്കേഷൻ തിരഞ്ഞെത്തിയ പൊലീസിനെ കണ്ട് വീട്ടിലുണ്ടായിരുന്നവർ ചിതറിയോടി. ഇതിനിടെ സ്ത്രീകളിൽ ഒരാൾ റോഡിൽ വീണു കിടക്കുന്നത് കണ്ട് ചോദ്യം ചെയ്ത നാട്ടുകാരെ അസഭ്യം പറഞ്ഞതോടെയാണ് കള്ളി വെളിച്ചത്താവുന്നത്. സംഭവത്തിൽ മൈമുനയും മറ്റൊരു സ്ത്രീയും ഉൾപ്പെടെ ഒമ്പത് പേരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും മറ്റുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായും കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.