യുകെ: ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന മലയാളി ദമ്പതികള്‍ക്കിടയില്‍ ഉണ്ടായ വാക്ക് തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. പുറത്തു നിന്നും വീട്ടിലേക്ക് എത്തിയ ഭര്‍ത്താവിനെ ഭാര്യ മുന്‍കരുതലോടെ നടത്തിയ ആക്രമണത്തില്‍ മാരകമായ വിധത്തില്‍ മുറിവേറ്റെന്നാണ് സൂചന,
എറണാകുളം സ്വദേശികളായ ദമ്പതികള്‍ ഒരു വര്‍ഷമായി സറ്റുഡന്റ് വിസയില്‍ ലണ്ടനില്‍ കഴിയുകയാണ്. പരുക്ക് മാരകമായതിനാല്‍ ആശുപത്രിയില്‍ പോകുന്നതിനു പോലീസിനെ ബന്ധപ്പെട്ടതോടെ ഭാര്യ അറസ്റ്റില്‍ ആയതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.ഒട്ടേറെ മലയാളികള്‍ ഒന്നിച്ചു ജീവിക്കുന്ന ഒരു വീട്ടിലാണ് സംഭവം എന്നതിനാല്‍ ദമ്പതികള്‍ക്കിടയില്‍ ഉണ്ടായ വഴക്കിനു ദാമ്പത്യത്തിലെ സംശയമാണ് കാരണമായത് എന്നും പറയപ്പെടുന്നു. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികള്‍ ഉള്ളതിനാല്‍ യുവതിയെ റിമാന്‍ഡ് ചെയ്താല്‍ കുഞ്ഞുങ്ങളുടെ സംരക്ഷണവും കുഴപ്പത്തിലാകും എന്ന് ഇവരെ അടുത്ത് പരിചയമുള്ളവര്‍ വെളിപ്പെടുത്തുന്നു.
ഭര്‍ത്താവ് ഡിപെന്‍ഡഡ് വിസയില്‍ ആയതിനാല്‍ ഭാര്യയുടെ കേസും തുടര്‍ നടപടികളും ഭര്‍ത്താവിനെയും ബാധിക്കും എന്നതാണ് പ്രധാനമാകുന്നത്. ഇരുവരും പോസ്റ്റ് സ്റ്റഡി വിസയിലേക്ക് മാറിയതാണ് പറയപ്പെടുന്നത്.
സമാനമായ സംഭവം മുന്‍പും സംഭവിച്ചിട്ടുണ്ട് എന്ന് ഇവരുടെ സഹ താമസക്കാര്‍ പറയുന്നു. എന്നാല്‍ അന്ന് മുറിവ് സാരമുള്ളത് ആയിരുന്നില്ലാത്തതിനാല്‍ മലയാളികളായ ആരോ എത്തി മുറിവ് സ്റ്റിച്ച് ചെയ്തു നല്‍കുക ആയിരുന്നത്രേ അതിനാല്‍ ആ സംഭവം ആശുപത്രി രേഖകളിലുമില്ല.എന്നാല്‍ ഇത്തവണ മുറിവ് കൂടുതല്‍ ആഴത്തില്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ പോകാതെ നിര്‍വാഹം ഇല്ലാതായ സാഹചര്യത്തിലാണ് യുവതി അറസ്റ്റില്‍ ആകുന്നതും. കേസിന്റെ നടപടികളില്‍ തങ്ങളുടെ പേരും സാക്ഷികളായി എത്താനിടയുണ്ട് എന്നതിനാല്‍ ഈ വീട്ടില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനും തയാറല്ല.
എന്നാല്‍ യുവാവിന് എതിരെ മൊഴി നല്കുന്ന യുവതി കടുംപിടുത്തത്തിലാണ് എന്നും പറയപ്പെടുന്നു. വലിപ്പമേറിയ കത്തി ഉപയോഗിച്ചാണ് യുവതി ഭര്‍ത്താവിനെ ആക്രമിച്ചത്. അതിനാലാണ് എല്ലുവരെ എത്തും വിധത്തില്‍ മുറിവ് ആഴമുള്ളതായി മാറിയതും.
യുകെ മലയാളികള്‍ക്കിടയില്‍ പലതരം ഗാര്‍ഹിക പീഡന വിവരങ്ങളും മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമാണ് ഒരു യുവതി ഭര്‍ത്താവിനെ വെട്ടി പരിക്കേല്പിക്കുന്നത് എന്നതും ശ്രദ്ധ നേടുകയാണ്. എന്നാല്‍ യുകെ നിയമ പ്രകാരം കൊലപാതക ശ്രമത്തിനാണ് കേസെടുക്കുക എന്നതിനാല്‍ യുവതിക്ക് കേസില്‍ ശിക്ഷിക്കപ്പെടാനും സാധ്യത ഏറെയാണ്.
സമാനമായ സംഭവത്തില്‍ രണ്ടു വര്‍ഷം മുന്‍പ് ലണ്ടനിലെ ചെംസ്ഫോര്‍ഡില്‍ 71 കാരനായ മലയാളി വൃദ്ധന് മരുമകനെ ഇറച്ചി വെട്ടാന്‍ ഉപയോഗിച്ച കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ പരുക്കേല്പിച്ചു എന്ന കുറ്റത്തിന് എട്ടു വര്‍ഷത്തിന് ശിക്ഷിക്കപ്പെട്ടു ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.
സ്വത്തു തര്‍ക്കം സംബന്ധിച്ച കാര്യങ്ങളാണ് വൃദ്ധനെ പ്രകോപനത്തിന് പ്രേരിപ്പിച്ചത്. ചാക്കോ എബ്രഹാം തേനാകരയില്‍ എന്നയാളാണ് ചെംസ്ഫോര്‍ഡ് ക്രൗണ്‍ കോടതി നല്കിയ ശിക്ഷ ഇപ്പോള്‍ ലണ്ടനിലെ ജയിലില്‍ അനുഭവിച്ചു തീര്‍ക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.