തിരുവനന്തപുരം: കുട്ടികളിൽ വർധിച്ചു വരുന്ന അക്രമോത്സുകതയും ലഹരി ഉപയോഗവും നാടിനെ സാരമായി ബാധിക്കുന്ന വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സർക്കാർ നടപടി കൊണ്ട് മാത്രം പൂർണമായും ഇതിന് അറുതി വരുത്താൻ കഴിയില്ല. വേരോടെ അറുത്ത് മാറ്റാൻ നടപടിക്കൊപ്പം സാമൂഹിക ഇടപെടൽ ആവശ്യമാണെന്നും അത് എങ്ങനെ വേണം എന്നത് കൂട്ടായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്രിയാത്മകമായ നിർദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓരോരുത്തരും പ്രതിനിധീകരിക്കുന്ന മേഖലയിൽ എന്തൊക്കെ ചെയ്യാമെന്ന് ഉയർന്നുവരണം. അധ്യാപക വിദ്യാർത്ഥി ബന്ധത്തിൽ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ടോ, ഇന്നത്തെ കാലത്ത് അധ്യാപകർ പ്രാഥമികമായി മനഃശാസ്ത്രം കൈകാര്യം ചെയ്യുന്നവർ ആവണ്ടേ തുടങ്ങിയ കാര്യങ്ങളിൽ എന്താണ് അധ്യാപകർക്കുള്ള നിർദേശമെന്നതടക്കം അഭിപ്രായങ്ങൾ ഉയർന്നുവരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ വിഭാഗത്തിലുള്ളവരിൽ നിന്നും അഭിപ്രായം ഉയർന്നു വരേണ്ടതുണ്ട്. മയക്കു മരുന്ന് ഉപയോഗം വർധിച്ചു വരികയാണ്. കുട്ടികളിൽ അക്രമ വാസന വർധിച്ചു വരുന്നു. ഇത് ആഗോള തലത്തിൽ ഉണ്ടാകുന്ന പ്രതിഭാസമാണ്. ഐക്യരാഷ്ട്രസഭ പറയുന്നത് ലോകത്ത് ആകെ ലഹരി ഉപയോഗത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നുവെന്നാണ്. പ്രശ്നത്തെ കയ്യും കെട്ടി നിഷ്‌ക്രിയരായി നോക്കി നിൽക്കാൻ കഴിയില്ല. തെറ്റുകൾ തിരുത്തേണ്ടതുണ്ട്. നാശത്തിലേക്ക് തള്ളി വിടാതെ അവസാനത്തെ ആളെ പോലും രക്ഷിക്കുക എന്ന ലക്ഷ്യമാണ് നമുക്കുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.കുട്ടികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗവും അക്രമോത്സുകതയും ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് കർമപദ്ധതി തയ്യാറാക്കാൻ വിദഗ്ധരുടെയും, വിദ്യാർത്ഥി-യുവജന സംഘടനകളുടെയും, സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും യോഗമാണ് നടന്നത്. കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരൂടെ യോഗം ചേർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.