Unnikrishnan Thalakkasseri
"മഴവിൽക്കാവടി "യിലെ ആ രംഗം ഓർമ്മയില്ലേ? മാമുക്കോയ ഇന്നസെന്റിനോട് വിരലിന്റെ അറ്റത്തോട്ട് നോക്കിയിരിക്കാൻ പറഞ് പോക്കറ്റടിച് മലയാളികളെ ചിരിപ്പിച്ച ആ രംഗത്തിൻ്റെ പശ്ചാത്തലം ഞങ്ങളുടെ അയിലക്കുന്നായിരുന്നു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടങ്ങളും, റെയിൽപാതയുമെല്ലാം ആ കുന്നിൻ മുകളിൽ നിന്നാൽ കാണാമായിരുന്നു. അവധിക്കാലത്ത് കുട്ടികളുടെ കളിസ്ഥലമായിരുന്നു അയിലക്കുന്ന്. നാട്ടിലെത്തുന്ന അതിഥികളെ കുന്നും അതിൻ്റെ മുകളിൽ നിന്നുള്ള കാഴ്ചകളും കാണിക്കുക എന്നത് ഞങ്ങൾക്ക് ഹരമായിരുന്നു.
ഒരിക്കലും വറ്റാത്ത അയിലക്കുളവും, വെള്ളംകുടിപ്പാറയും, പത്രം കമഴ്ത്തിവച്ച് ചാടുമ്പോൾ ശബ്ദമുണ്ടാക്കുന്ന പുൽമേടുമെല്ലാം ആ കുന്നിൻ്റെ മാത്രം പ്രത്യേകതകളായിരുന്നു. ആ പുൽമേടിന് ഒരു കഥ കൂടിയുണ്ടായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് സമരക്കാരെ കൊന്ന് കുഴിച്ചുമൂടി അതിനു മുകളിൽ വലിയൊരു പത്രം കമഴ്ത്തിവെച്ചുവത്രേ. കുട്ടികളായ ഞങ്ങൾക്ക് അതിൻ്റെ യുക്തിയൊന്നും അറിയില്ലായിരുന്നു. എങ്കിലും കൗതുകത്തോടെ ഞങ്ങൾ ആ പുൽമേട്ടിൽ ചാടി ശബ്ദമുണ്ടാക്കി രസിച്ചു. സത്യൻ അന്തിക്കാടിൻ്റെ ഗ്രാമീണ സൗന്ദര്യം നിറഞ്ഞ പൊൻമുട്ടയിടുന്ന താറാവും മഴവിൽക്കാവടിയുമെല്ലാം ചിത്രീകരിച്ചത് തൊഴൂക്കരയിലും തണ്ണീർക്കോട്ടുമെല്ലാമാണ്.
പാലക്കാട്ടെ മറ്റ് പല കുന്നുകളെയും പോലെ അയിലക്കുന്നും മണ്ണിടിച്ചിൽ സംഘങ്ങളുടെ പിടിയിലാണ്. കുന്നിൻ്റെ വലിയൊരു ഭാഗം അവർ ഇടിച്ചു നിരത്തി. കുന്നിന് ചുറ്റും നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. അവരുടെ ജീവനും സ്വത്തിനും വില കൽപ്പിക്കാതെയാണ് മണ്ണുമാന്തി യന്ത്രങ്ങൾ കുന്നിൻ്റെ മാറ് പിളർത്തുന്നത്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഹൈക്കോടതി ഇടപെടലിലൂടെ താൽക്കാലികമായി ഖനനം നിർത്തിവെച്ചിരിക്കുകയാണ്.
ഈ ഗ്രാമം മറ്റൊരു ചൂരൽമലയോ മുണ്ടക്കയമോ ആകുന്നതിന് മുൻപ് അധികൃതർ ജനങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണം. അല്ലാത്ത പക്ഷം ഒരു വലിയ ദുരന്തം തൊഴൂക്കാരയിലെയും തണ്ണീർക്കോട്ടെയും ജനങ്ങളെ കാത്തിരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.