ചെന്നൈ ∙ മാലപൊട്ടിക്കൽ പരമ്പരയെത്തുടർന്ന് അറസ്റ്റിലായ കുപ്രസിദ്ധ ഇറാനി കവർച്ചാ സംഘത്തിലെ ഒരാൾ തെളിവെടുപ്പിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചു. പൊലീസിനു നേരെ വെടിയുതിർത്ത പുണെ ആംബിവ്‌ലി നിവാസി ജാഫർ ഗുലാം ഹുസൈൻ ഇറാനിയാണ് (28) വെടിയേറ്റ് മരിച്ചത്.
ജാഫറും ഒപ്പം പിടിയിലായ മിസമും ധുസ്വാസം മേസം ഇറാനിയും തരമണി ഭാഗത്ത് ഉപേക്ഷിച്ചു കടന്ന ബൈക്കിനടുത്താണ് തെളിവെടുപ്പിനു കൊണ്ടുപോയത്. ഇതിനിടെ, ബൈക്കിൽനിന്നു തോക്കെടുത്ത് ജാഫർ പൊലീസിനു നേരെ വെടിവച്ചതായി സിറ്റി പൊലീസ് കമ്മിഷണർ എ.അരുൺ പറഞ്ഞു. സ്വയരക്ഷയ്ക്കാണു പൊലീസ് തിരികെ വെടിവച്ചതെന്നും നെഞ്ചിൽ വെടിയേറ്റ ജാഫർ ആശുപത്രിയിൽ മരിച്ചെന്നും വ്യക്തമാക്കി.ജാഫറിനെതിരെ മഹാരാഷ്ട്രയിൽ 150ലധികം കേസുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതികളിൽനിന്ന് മുഴുവൻ സ്വർണവും വീണ്ടെടുത്തു. ഒരു വർഷത്തിനിടയിലെ നാലാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണിത്. ചൊവ്വ രാവിലെ 6നും ഏഴിനും ഇടയിൽ ചെന്നൈയിൽ എട്ടിടത്താണു പ്രഭാതനടത്തത്തിനിറങ്ങിയ സ്ത്രീകളുടെ മാല പൊട്ടിച്ചത്.26 പവൻ കവർന്ന ഇറാനി സംഘം നഗരം വിടുന്നതിനു മുൻപുതന്നെ പൊലീസ് പഴുതടച്ചു പരിശോധന ആരംഭിക്കുകയായിരുന്നു. നഗരത്തിലുടനീളം നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് പലയിടങ്ങളിൽനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പ്രതികൾ വിമാനത്താവളത്തിലേക്കു പോയതായി കണ്ടെത്തി. അവസാന നിമിഷം 2 പേർ ഹൈദരാബാദിലേക്ക് ടിക്കറ്റ് വാങ്ങാൻ ശ്രമിച്ചെന്ന വിവരം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു നിർണായകമായത്.ഹൈദരാബാദിലേക്കു പുറപ്പെടാനൊരുങ്ങിയ വിമാനം തടഞ്ഞാണു പൊലീസ് ജാഫറിനെയും മേസം ഇറാനിയെയും പിടികൂടിയത്. ഇവരുടെ സംഘത്തിൽപ്പെട്ട സൽമാൻ ഹുസൈൻ ട്രെയിനിൽ ചെന്നൈയിൽനിന്നു കടന്നെന്ന വിവരം ലഭിച്ചു. ഇയാളെ ആന്ധ്രപ്രദേശിലെ ഓങ്കോൾ സ്റ്റേഷനിൽ നിന്ന് റെയിൽവേ സുരക്ഷാസേനയും പിടികൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.