ഒട്ടാവ∙ യുഎസ് – കാനഡ വ്യാപാര യുദ്ധത്തിനിടെ കാനഡയിൽ ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗവർണർ ജനറലുമായി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏപ്രിൽ 28ന് കാനഡ പോളിങ് ബൂത്തിലെത്തും. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് തിരഞ്ഞെടുപ്പ് നടത്താൻ കാർണി തീരുമാനിച്ചിരിക്കുന്നത്.
"യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ന്യായീകരണമില്ലാത്ത വ്യാപാര നടപടികളും നമ്മുടെ പരമാധികാരത്തിനെതിരായ അദ്ദേഹത്തിന്റെ ഭീഷണികളും കാരണം നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പ്രസിഡന്റ് ട്രംപിനെ നേരിടാനും എല്ലാവർക്കും അനുയോജ്യമായ ഒരു പുതിയ കനേഡിയൻ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനും ശക്തവും പോസിറ്റീവുമായ ഒരു ജനവിധി ഞാൻ കനേഡിയൻ പൗരൻമാരോട് അഭ്യർഥിക്കുന്നു. കാരണം നമുക്ക് മാറ്റം ആവശ്യമാണ്. വലിയ മാറ്റം, ഒരു പോസിറ്റീവായ മാറ്റം.’’ഗവർണർ ജനറലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ലിബറൽ പാർട്ടി നേതാവ് കൂടിയായ മാർക്ക് കാർണി ഒട്ടാവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഒക്ടോബർ 20നുള്ളിലാണ് കാനഡയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ നേരത്തെ വോട്ടെടുപ്പ് നടത്തിയാൽ ലിബറൽ പാർട്ടിക്ക് അത് ഗുണം ചെയ്യുമെന്നാണ് കാർണിയുടെ പ്രതീക്ഷ.കാനഡയെ യുഎസിനോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്റെ നീക്കത്തോടും കാനഡയ്ക്കെതിരായ തീരുവ വർധനകളും വോട്ടാക്കി മാറ്റാനാണ് ലിബറൽ പാർട്ടിയുടെ ശ്രമം. നേരത്തെ പാർട്ടിയിൽ പിന്തുണ നഷ്ടമായതോടെയാണ് ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. കനേഡിയൻ പാർലമെന്റിൽ ലിബറൽ പാർട്ടിയുടെ 153 എംപിമാരിൽ 131 പേർ ട്രൂഡോയ്ക്ക് എതിരായിരുന്നു.കൂടാതെ പാർട്ടിയുടെ അറ്റ്ലാന്റിക്, ഒന്റാറിയോ, ക്യൂബെക് പ്രവിശ്യകളിലെ ലിബറൽ പാർട്ടിയുടെ നേതൃത്വവും ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതേത്തുടർന്നാണ് മാർക്ക് കാർണി പ്രധാനമന്ത്രി പദവിയിലേക്കെത്തിയത്.കാനഡ ശക്തമാണെന്നായിരുന്നു പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തിൽ കാർണി പറഞ്ഞത്.വിശ്വസനീയ വ്യാപാര പങ്കാളികളുമായി ഉറച്ച ബന്ധത്തിനാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപിന്റെ താരിഫ് ഭീഷണികളെ കണക്കിലെടുക്കുന്നില്ലെന്നും കാർണി വ്യക്തമാക്കിയിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിനു കാനഡയുമായി യുഎസ് കൈകോർക്കണമെന്നും അതുവരെ തിരിച്ചടികൾ തുടരുമെന്നും പ്രധാനമന്ത്രിയായതിന് പിന്നാലെ കാർണി വ്യക്തമാക്കിയിരുന്നു.ഏപ്രിൽ 28 ന് കാനഡയിൽ ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക്കാർണി
0
തിങ്കളാഴ്ച, മാർച്ച് 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.