പാലക്കാട്: നെന്മാറ-വല്ലങ്ങി വേലയുടെ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നെന്മാറയിലും വല്ലങ്ങിയിലും നാളെ (മാർച്ച് 23, ഞായറാഴ്ച) മുളക്കൂറ നാട്ടുന്നു. പാരമ്പര്യ ആചാരങ്ങളോടെയാണ് ഇരുദേശങ്ങളും ഈ ചടങ്ങുകൾ നടത്തുന്നത്. അയിനംപാടത്തുനിന്ന് കൊണ്ടുവന്ന മുളകൾ കുരുത്തോലയും മാവിലയും ഉപയോഗിച്ച് അലങ്കരിച്ച്, മേളങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ നെന്മാറ ദേശത്തിൻ്റെ മന്ദിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലും മുളക്കൂറ സ്ഥാപിക്കും. വല്ലങ്ങി ദേശമന്ദിൽ പടിവെട്ടം വീട്ടിൽനിന്നെത്തിച്ച അലങ്കരിച്ച മുളക്കൂറയാണ് സ്ഥാപിക്കുക.
കൂറയിടൽ ചടങ്ങോടെ നെന്മാറ ദേശത്ത് കണ്യാറിൻ്റെ ഭാഗമായി കുമ്മാട്ടി നടക്കും. മനങ്ങോട്, കണീമംഗലം, വേട്ടയ്ക്കൊരുമകൻ, പുത്തൻതറ എന്നിവിടങ്ങളിൽനിന്ന് കുമ്മാട്ടികൾ മന്ദത്ത് ഒത്തുചേർന്ന് വലിയ കുമ്മാട്ടി ആഘോഷിക്കും. വല്ലങ്ങി ദേശത്ത് കണ്യാറാണ് പ്രധാന പരിപാടി. നെന്മാറപ്പാടം, തെക്കേത്തറ, വടക്കേത്തറ എന്നിവിടങ്ങളിൽ ഒൻപത് ദിവസങ്ങളിലായി കണ്യാർ നടത്തും. ഏപ്രിൽ മൂന്നിനാണ് പ്രസിദ്ധമായ നെന്മാറ-വല്ലങ്ങി വേല അരങ്ങേറുന്നത്.വേലകളുടെ വേല: നെന്മാറ വേല ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീ ഭദ്രകാളിയാണ് നെല്ലിക്കുളങ്ങര ഭഗവതി. നെല്ലിക്കുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് നെന്മാറ-വല്ലങ്ങി വേല. നെന്മാറ, വല്ലങ്ങി ഗ്രാമപ്രദേശക്കാർ ചേർന്നാണ് ഈ ഉത്സവം നടത്തുന്നത്. കേരളത്തിൻ്റെ നെല്ലറയും ഗ്രാമീണ ചിന്തകൾ കാത്തുസൂക്ഷിക്കുന്ന ജില്ലയുമായ പാലക്കാട്ടെ നെല്ലിയാമ്പതി മലനിരകളുടെ താഴെയാണ് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രംസ്ഥിതിചെയ്യുന്നത്.നെന്മാറ, വല്ലങ്ങി, വിത്തനശ്ശേരി, തിരുവഴിയാട്, അയിലൂർ ദേശങ്ങൾ ചേർന്ന കൊടകരനാട്ടിൽ മലയാള മാസം മീനം ഒന്ന് മുതൽ ഇരുപത് വരെ ഉത്സവങ്ങളുടെ നാളുകളാണ്. തൃശ്ശൂർ പൂരത്തെ പൂരങ്ങളുടെ പൂരം എന്ന് വിശേഷിപ്പിക്കുന്നതുപോലെ വേലകളുടെ വേലയാണ് നെന്മാറ വല്ലങ്ങി വേല.കൂറയിടൽ ചടങ്ങോടെയാണ് നെന്മാറ വേലയ്ക്ക് തുടക്കം കുറിക്കുന്നത്. തുടർന്നുള്ള ഇരുപത് ദിവസങ്ങളിൽ ദാരിക നിഗ്രഹം (കളം) പാട്ടുണ്ടാകും. വനത്തിൽ ഭദ്രകാളി ദാരികനെ നേരിട്ട് വധിച്ചതിൻ്റെയും തുടർന്നുള്ള ആഘോഷങ്ങളുടെയും ഓർമ്മയ്ക്കായാണ് നെന്മാറ വേല നടത്തുന്നത്. കണ്യാർകളിയും ഒൻപതാം നാളിലെ വലിയ കുമ്മാട്ടിയും വേലയുടെ പ്രധാന ചടങ്ങുകളാണ്. പത്താം ദിവസം കരിവേലയും മീനം പത്തൊൻപതിന് ആണ്ടിവേലയും നടക്കും. മീനം ഇരുപതിന് പുലർച്ചെ അഞ്ചുമണിയോടെ വാളുകടയൽ ചടങ്ങോടെ നെന്മാറ വേല ആരംഭിക്കുന്നു.വലിയോല വായന, കോലം കയറ്റൽ, പറയ്യെഴുന്നള്ളത്ത്, ആണ്ടിപ്പട്ട് എന്നിവയാണ് തുടർന്നുള്ള ചടങ്ങുകൾ. തിടമ്പ് ആവാഹനം കഴിഞ്ഞാൽ നെന്മാറ മന്ദത്തെ വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം ഭക്തരെ ആവേശത്തിലാഴ്ത്തും. പതിനൊന്ന് ഗജവീരന്മാർ അണിനിരക്കുന്ന ഘോഷയാത്ര മൂലസ്ഥാനത്തും വേട്ടക്കൊരുമകൻ കോവിലിലും ദർശനം നടത്തി നെന്മാറയുടെ വീഥികളിലൂടെ സഞ്ചരിച്ച് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും.ഇതേസമയം വല്ലങ്ങി ദേശത്തുനിന്നും സമാനമായ എഴുന്നള്ളത്ത് എത്തിച്ചേരും. നെന്മാറ വല്ലങ്ങി വേലകൾ ഒന്നിച്ചു കുടമാറ്റം നടത്തുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം. തുടർന്ന് ചെമ്പട കൊട്ടി നെല്ലിക്കുളങ്ങര ഭഗവതിക്ക് മുൻപിൽ കുടമാറ്റം നടക്കും.ഏകദേശം നാലുമണിയോടെ നെന്മാറ-വല്ലങ്ങി ദേശക്കാരുടെ ആദ്യ വെടിക്കെട്ട് നടക്കും. രാജ്യത്തെ ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്നാണിത്. പാണ്ടിമേളവും തായമ്പകയും പഞ്ചവാദ്യവും രാത്രിവരെ നീണ്ടുനിൽക്കും.പുലർച്ചെ മൂന്ന് മുതൽ ആറ് വരെ നടക്കുന്ന രണ്ടാമത്തെ വെടിക്കെട്ടും ചരിത്രപ്രധാനമാണ്. വേലച്ചമയങ്ങളും വെടിക്കെട്ടും ആചാരങ്ങളും കാണാനും പങ്കെടുക്കാനും അന്യസംസ്ഥാനങ്ങളിൽനിന്നുപോലും ഭക്തർ എത്തും. ഏകദേശം 25 ലക്ഷം പേർ പങ്കെടുക്കുന്ന മീനം 20 നെന്മാറ വേലയുടെ പ്രധാന ദിനമാണ്. താലപ്പൊലിയും കുടമാറ്റവും ഇരു ദേശങ്ങളുടെയും കമാനങ്ങളും ചമയങ്ങളും നെന്മാറ വേലയെ അതുല്യമാക്കുന്നു. കൊടകര നാടിൻ്റെ ഈ ഉത്സവം സാംസ്കാരിക കേരളത്തിൻ്റെ മഹോത്സവം തന്നെയാണ്.നെന്മാറ-വല്ലങ്ങി വേല: മുളക്കൂറ നാട്ടൽ ചടങ്ങുകൾ നാളെ.
0
ശനിയാഴ്ച, മാർച്ച് 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.