മലപ്പുറം: സംസ്ഥാനത്തെ 26 കെഎസ്ആർടിസി റിസർവേഷൻ കേന്ദ്രങ്ങൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ച് കെഎസ്ആർടിസി. ഓൺലൈൻ റിസർവേഷൻ സൗകര്യങ്ങളെക്കുറിച്ചുള്ള അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനാണ് പകരം നിർദേശം. ഇതു സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനും നിർദേശമുണ്ട്. കെഎസ്ആർടിസിയുടെ വിവിധ പാസുകൾ ഉപയോഗിക്കുന്നവരെയും സ്ഥിരമായി ഡിപ്പോകളിലെ കേന്ദ്രങ്ങൾ ഉപയോഗിക്കുന്ന മുതിർന്ന പൗരന്മാരടക്കമുള്ളവരെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.
പ്രതിമാസം 500-ൽ താഴെ ബുക്കിംഗ് നടക്കുന്ന കേന്ദ്രങ്ങൾ എന്ന നിലയിലാണ് ഇവ അടിയന്തരമായി അടച്ചുപൂട്ടാൻ നിർദേശിച്ചിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. ജില്ലാ ആസ്ഥാനങ്ങളിലെയും പ്രമുഖ തീർത്ഥാടന-ടൂറിസം കേന്ദ്രങ്ങളിലെയും ഡിപ്പോകളും ഇതിൽ ഉൾപ്പെടുന്നു. കൊല്ലം, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലാ ആസ്ഥാന ഡിപ്പോകൾക്ക് പുറമേ മൂന്നാർ, കൊട്ടാരക്കര, ഗുരുവായൂർ, തൊടുപുഴ, പാലാ, തലശ്ശേരി, പയ്യന്നൂർ, താമരശ്ശേരി, മാനന്തവാടി, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, കട്ടപ്പന, കുമളി, ചങ്ങനാശ്ശേരി, തിരുവല്ല, അടൂർ, പുനലൂർ തുടങ്ങിയ ഡിപ്പോകളിലെ കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ നിർദേശിച്ചിട്ടുണ്ട്. മലപ്പുറം ഉൾപ്പെടെയുള്ള ചില ജില്ലകളിലെ എല്ലാ ഡിപ്പോകളിൽ നിന്നുമുള്ള റിസർവേഷൻ സൗകര്യങ്ങൾ റദ്ദാക്കുന്നതാണ് പുതിയ ഉത്തരവ്.മലപ്പുറം ജില്ലയിലെ യാത്രക്കാർക്ക്, പാസ് ഉപയോഗിച്ചുള്ള റിസർവേഷനുകൾക്ക് പോലും കിലോമീറ്ററുകൾ അകലെയുള്ള കോഴിക്കോടിനെയോ പാലക്കാടിനെയോ തൃശൂരിനെയോ ആശ്രയിക്കേണ്ടി വരും. ഇടുക്കിയിലുള്ള യാത്രക്കാരും സമാനമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്ന ഡിപ്പോകളിൽ ഓൺലൈൻ റിസർവേഷൻ വെബ്സൈറ്റ് ലിങ്ക് (http://onlineksrtcswift.com), കെഎസ്ആർടിസി മൊബൈൽ ആപ്പ് (എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് (Ente KSRTC Neo-oprs) എന്നിവ പ്രദർശിപ്പിക്കാനാണ് നിർദേശം. കെഎസ്ആർടിസി ആസ്ഥാനത്തെ ഐടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ചെലവില്ലെങ്കിൽ എന്തിന് അടച്ചുപൂട്ടുന്നു?കെഎസ്ആർടിസിക്ക് പ്രത്യേക ചെലവുകളില്ലാതെ, ലഭിക്കുന്നതെല്ലാം ലാഭകരമായ രീതിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ റിസർവേഷൻ കേന്ദ്രങ്ങളും അടച്ചുപൂട്ടിയവയിൽ ഉൾപ്പെടുന്നു. മലപ്പുറം ജില്ലയിലെ ഡിപ്പോകളിൽ റിസർവേഷന് മാത്രമായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടില്ല. ഐടി വിഭാഗം കൈകാര്യം ചെയ്യുന്നവരോ മറ്റ് ഡ്യൂട്ടികളിലുള്ളവരോ അധിക സേവനമായാണ് ഇവിടെ റിസർവേഷൻ ചെയ്തു നൽകുന്നത്. അതിനാൽ ഈ സംവിധാനം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഡിപ്പോ അധികൃതർ കത്ത് നൽകാനിരിക്കുകയാണ്. മറ്റ് ഡിപ്പോകളും ഇതേ മാർഗ്ഗം സ്വീകരിക്കാനാണ് സാധ്യത.മലപ്പുറം: കെഎസ്ആർടിസി റിസർവേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു: യാത്രക്കാർ ദുരിതത്തിൽ..
0
ശനിയാഴ്ച, മാർച്ച് 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.