ചെന്നൈ ∙ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മേലധികാരികൾക്കു പരാതി നൽകുന്നതു മാനസിക പീഡനമായി കണക്കാക്കാമെന്നു മദ്രാസ് ഹൈക്കോടതി. ഭർത്താവിനെ തീവ്രവാദിയായി ചിത്രീകരിച്ച് മേലധികാരികൾക്കു പരാതി നൽകിയ സംഭവത്തിലാണു ജസ്റ്റിസുമാരായ ജി.ജയചന്ദ്രൻ, ആർ.പൂർണിമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
2012ൽ വിവാഹിതരായ ദമ്പതികളുടെ വിവാഹമോചനക്കേസ് പരിഗണിക്കുകയായിരുന്നു കോടതി. പൊലീസ് കോൺസ്റ്റബിളായിരുന്ന യുവാവിന്റെ സ്ഥലംമാറ്റത്തിന് ഭാര്യ സമ്മർദം ചെലുത്തിയിരുന്നു. ഇതിനു വിസമ്മതിച്ചതോടെ ഭർത്താവ് തീവ്രവാദിയാണെന്നും ഭീകര സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നതായും ആരോപിച്ച് മേലധികാരികൾക്കു ഭാര്യ കത്തു നൽകി.ഇതോടെ കടുത്ത മാനസിക സമ്മർദത്തിലായ യുവാവ് വിവാഹമോചനത്തിന് ഹർജി നൽകി. ഭാര്യ പരാതി നൽകിയത് ക്രൂരതയായോ മാനസിക പീഡനമായോ കണക്കാക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി ശിവഗംഗയിലെ കുടുംബക്കോടതി ഹർജി തള്ളി. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
യുവാവിനൊപ്പം ജീവിക്കാൻ ഭാര്യയ്ക്കു താൽപര്യമില്ലെന്നും പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ചതായും ജഡ്ജിമാർ കണ്ടെത്തി. 2020ൽ യുവതി മറ്റൊരാളെ വിവാഹം കഴിച്ച സർട്ടിഫിക്കറ്റും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി. ഇതോടെ ഇവരുടെ വിവാഹം കോടതി റദ്ദാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.