താമരശ്ശേരി : വിദ്യാർഥി സംഘട്ടനത്തിൽ എളേറ്റിൽ സ്കൂളിലെ മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ വിദ്യാർഥി നഞ്ചക്കിന്റെ ആക്രമണരീതി പഠിച്ചത് യുട്യൂബിൽനിന്ന്.
നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിലാണു ഷഹബാസിനു ഗുരുതരമായി പരുക്കേറ്റത്. കരാട്ടെ പരിശീലനം തേടുന്ന സഹോദരന്റേതാണു നഞ്ചക്ക് എന്നും പൊലീസ് സ്ഥിരീകരിച്ചു.ഈ കുട്ടിയുടെ മൊബൈൽ ഫോണിലെ സേർച് ഹിസ്റ്ററിയിൽ നഞ്ചക്ക് ഉപയോഗം വ്യക്തമാക്കുന്ന വിഡിയോകളുണ്ട്. ഇവരുടെ പിതാവിനു സംഘർഷവുമായോ ഗൂഢാലോചനയുമായോ ബന്ധമുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ്.ഷഹബാസിനെ മർദിച്ച സംഘത്തിൽ ഉൾപ്പെട്ട കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നു നേരത്തേ പിടിയിലായ 5 വിദ്യാർഥികൾക്കൊപ്പം വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലേക്കു മാറ്റി.
എസ്എസ്എൽസി വിദ്യാർഥികളായതിനാൽ 6 പേരും ഇന്ന് ഒബ്സർവേഷൻ ഹോമിൽ പരീക്ഷ എഴുതും. കഴിഞ്ഞ 27നുണ്ടായ സംഘർഷത്തിൽ ആദ്യം 5 പേരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിദ്യാർഥികൾക്കു പങ്കുണ്ടെന്നു ഷഹബാസിന്റെ കുടുംബം ആരോപിച്ചിരുന്നു.പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് ഒരാൾ കൂടി കസ്റ്റഡിയിലായത്. മർദനത്തിനായി രൂപീകരിച്ച സമൂഹമാധ്യമ ഗ്രൂപ്പിൽ 63 വിദ്യാർഥികൾ ഉണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇതിൽ നേരിട്ടു മർദിച്ച 6 പേരുടെ പങ്കാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഗൂഢാലോചനയിലോ മർദനം ആസൂത്രണം ചെയ്തതിലോ മറ്റു കുട്ടികൾക്കു പങ്കുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.
കസ്റ്റഡിയിലെടുത്ത 4 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പൊലീസ് പരിശോധിക്കുകയാണ്. ഷഹബാസ് ബൈക്കിൽ കയറിപ്പോയ ശേഷവും വിദ്യാർഥികൾ തമ്മിൽ മറ്റൊരിടത്തു വച്ചു സംഘട്ടനമുണ്ടായെന്നും പൊലീസ് കണ്ടെത്തി.മർദിച്ച കുട്ടികളിൽ ചിലർ കൂടി പിടിയിലാകാനുണ്ടെന്നു ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. അക്രമണത്തിൽ ചില രക്ഷിതാക്കൾക്കു വ്യക്തമായ പങ്കുണ്ടെന്നും അവരെക്കൂടി പ്രതി ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.