ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍, 2025 ലോക്സഭ അംഗീകരിച്ചു.
മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശനശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. വിനോദസഞ്ചാരിയായോ വിദ്യാര്‍ഥിയായോ ഇന്ത്യയിലെത്തുന്നവര്‍ക്ക് സ്വാഗതമരുളാന്‍ എല്ലായ്പോഴും ഇന്ത്യ ഒരുക്കമാണെന്നും അതേസമയം രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ കര്‍ശനമായി തന്നെ കൈകാര്യം ചെയ്യുമെന്നും ബില്‍ അവതരണവേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദുരുദ്ദേശ്യത്തോടെ ഇന്ത്യയിലെത്തുന്നവരെ മാത്രമേ നരേന്ദ്രമോദി സര്‍ക്കാര്‍ തടയുകയുള്ളുവെന്നും ഇന്ത്യ ഒരു അഗതി മന്ദിരമല്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യപുരോഗതിക്ക് സംഭാവന നല്‍കുന്നതിനായി എത്തുന്നവരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അനധികൃത കുടിയേറ്റക്കാരെ തടയുന്ന പുതിയ ബില്‍ രാജ്യത്തിന്റെ സുരക്ഷയെ ശക്തിപ്പെടുത്തുമെന്നും സമ്പദ്വ്യവസ്ഥയേയും വ്യാപാരത്തേയും അഭിവൃദ്ധിപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഉത്തേജനം പകരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെത്തുന്ന ഓരോ വിദേശപൗരന്റേയും കൃത്യമായ വ്യക്തിവിവരങ്ങള്‍ പുതിയ ബില്‍ നടപ്പാകുന്നതോടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.മ്യാന്മര്, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്ന റോഹിംഗ്യന്‍ കുടിയേറ്റക്കാരെ കുറിച്ചും അമിത് ഷാ പരാമര്‍ശിച്ചു. വ്യക്തിലാഭത്തിനായി ഇന്ത്യയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സുരക്ഷാപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബില്‍ ഇന്ത്യയുടെ സുരക്ഷ ശക്തമാക്കുകയും 2047 ഓടെ വികസിത രാജ്യമായി മാറുന്നതിന് ഇന്ത്യയെ സഹായിക്കുകയും ചെയ്യുമെന്നും അമിത് ഷാ പ്രസ്താവിച്ചു.അനധികൃത കുടിയേറ്റം തടയുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഒരുവിധത്തിലുള്ള നടപടിയും കൈക്കൊള്ളുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണം അപൂര്‍ണമായി തുടരുകയാണെന്നും നിര്‍മാണം പൂര്‍ത്തിയാകാത്തതിനുപിന്നില്‍ മമത സര്‍ക്കാരാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.കുടിയേറ്റക്കാരോട് ബംഗാള്‍ സര്‍ക്കാര്‍ അനാവശ്യമായ അനുകമ്പ കാണിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. വേലിനിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ 11 കത്തുകളയയ്ക്കുകയും വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരുദ്യോഗസ്ഥരുമായി ഏഴു തവണ ചര്‍ച്ച നടത്തുകയും ചെയ്തിട്ടും പ്രയോജനമുണ്ടായില്ലെന്നും അമിത് ഷാ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.