ന്യൂഡൽഹി: 24-ാം പാർട്ടി കോൺഗ്രസ് ഏപ്രിൽ രണ്ട് മുതൽ ആറ് വരെ തമിഴ്നാട്ടിലെ മധുരയിൽ ചേരാനിരിക്കവെ സിപിഐഎമ്മിൻ്റെ ദേശീയ നേതൃത്വ നിരയിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
സീതാറാം യെച്ചൂരിയുടെ ആകസ്മിക നിര്യാണത്തെ തുടർന്ന് സിപിഐഎമ്മിൻ്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. നിലവിൽ പ്രകാശ് കാരാട്ട് പി ബി കോ ഓർഡിനേറ്റർ എന്ന നിലയിൽ ചുമതലകൾ നിർവ്വഹിച്ച് വരികയാണ്. ഇതോടെ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുക എന്ന ദൗത്യം കൂടി മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനുണ്ട്.പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് നിലവിലെ പ്രായപരിധി മാനദണ്ഡപ്രകാരം പോളിറ്റ്ബ്യൂറോയിൽ നിന്ന് മാറി നിൽക്കേണ്ടി വരും. പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കും പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പിലാക്കാനാണ് സിപിഐഎം തീരുമാനം. നിലവിലെ സവിശേഷ സാഹചര്യത്തിൽ പ്രകാശ് കാരാട്ടോ ബൃന്ദാ കാരാട്ടോ നേതൃപദവി ഏറ്റെടുക്കണമെന്ന നിലയിലുള്ള ചർച്ചകൾ ഇടക്കാലത്ത് സിപിഐഎമ്മിൽ ഉണ്ടായിരുന്നു. എന്നാൽ പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പിലാക്കണമെന്ന നിലപാടുകാരായ ഇരുവരും അത്തരം നീക്കങ്ങളോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതുമുഖ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുക എന്ന തീരുമാനത്തിലേക്ക് സിപിഐഎം എത്തിയിരിക്കുന്നത്.നിലവിലെ സാഹചര്യത്തിൽ അഖിലേന്ത്യാ കിസാൻ സഭയുടെ അധ്യക്ഷൻ അശോക് ധാവ്ളെയുടെ പേരിനാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മുൻതൂക്കം. മഹാരാഷ്ട്ര പോലെ സിപിഐഎമ്മിന് അത്രയേറെ ശക്തിയില്ലാത്ത ഒരു ഘടകത്തിൽ നിന്നുള്ള നേതാവ് എന്നത് മാത്രമാണ് അശോക് ധാവ്ളെയ്ക്ക് എതിരായ ഘടകം. എന്നാൽ കർഷക സമരവുമായി ബന്ധപ്പെട്ട് ഹിന്ദി ബെൽറ്റിൽ മികച്ച ഇടപെടലുകൾ നടത്തിയതും സംഘാടന മികവും അശോക് ധാവ്ളെയ്ക്ക് അനുകൂലമാണ്. എം എ ബേബിയെയും സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. കേരള ഘടകം ബേബിയ്ക്ക് വേണ്ടി വാദിച്ചാൽ ഇഎംഎസിന് ശേഷം സിപിഐഎമ്മിന് മറ്റൊരു മലയാളി ജനറൽ സെക്രട്ടറിയുണ്ടാവും. നിലവിൽ സിപിഐഎമ്മിൻ്റെ അന്താരാഷ്ട്ര വിഭാഗത്തിൻ്റെ പ്രധാന ചുമതലക്കാരൻ കൂടിയാണ് എം എ ബേബി.
പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, മണിക് സർക്കാർ, സുര്യകാന്ത് മിശ്ര, പിണറായി വിജയൻ എന്നീ പോളിറ്റ്ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധി മാനദണ്ഡം ബാധകമാണ്. ഇതിൽ രാജ്യത്തെ ഏക സിപിഐഎം മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് പ്രായപരിധി മാനദണ്ഡത്തിൽ ഇളവ് ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ പ്രായപരിധി മാനദണ്ഡം കർശനമായി പാലിക്കണമെന്ന വാദവും ശക്തമാണ്. അങ്ങനെയെങ്കിൽ പിണറായി വിജയനെ പൊളിറ്റ്ബ്യൂറോയിലെ പ്രത്യേക ക്ഷണിതാവാക്കിയേക്കുമെന്നും സൂചനയുണ്ട്. നേരത്തെ ജ്യോതിബസുവിനെ ഇത്തരത്തിൽ സിപിഐഎം പൊളിറ്റ്ബ്യൂറോയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയിരുന്നു.
പൊളിറ്റ്ബ്യൂറോയിൽ ഉണ്ടാകുന്ന അഞ്ചോളം ഒഴിവിലേയ്ക്ക് അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, അന്താരാഷ്ട്ര വിഭാഗത്തിൻ്റെ ഡെപ്യൂട്ടി ചുമതല നിർവ്വഹിക്കുന്ന മുൻ എസ്എഫ്ഐ നേതാവ് അരുൺ കുമാർ എന്നിവരെ പരിഗണിച്ചേക്കും. ബൃന്ദാ കാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നതോടെ പൊളിറ്റ്ബ്യൂറോയിൽ ആകെയുള്ള രണ്ട് വനിതാ പ്രാതിനിധ്യവും നികത്തേണ്ടതുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള നേതാവ് യു വാസുകി പൊളിറ്റ്ബ്യൂറോയിൽ ഉറപ്പായും എത്താൻ സാധ്യതയുള്ള നേതാവ്. കെ ഹേമലത, മറിയം ധാവ്ളെ, കെ കെ ശൈലജ എന്നിവരും വനിതാ പ്രാതിനിധ്യത്തിൻ്റെ ഭാഗമായി പരിഗണിക്കപ്പെട്ടേക്കാം. സുര്യകാന്ത് മിശ്ര ഒഴിവാകുന്ന സാഹചര്യത്തിൽ ബംഗാളിൽ നിന്നും സുജൻ ചക്രബർത്തി പോളിറ്റ്ബ്യൂറോയിൽ ഇടം നേടിയേക്കാം. പി രാജീവിൻ്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.പ്രായപരിധി കഴിഞ്ഞെങ്കിലും മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡൻ്റ് എന്ന നിലയിൽ പി കെ ശ്രീമതിയ്ക്ക് കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ ഇളവ് അനുവദിക്കുമെന്ന് സൂചനകളുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ നിന്നും പ്രായപരിധി മാനദണ്ഡം പരിഗണിച്ച് ഒഴിവാക്കിയ പി കെ ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തണമെന്ന നിലയിലുള്ള ആലോചനകൾക്ക് നേതൃത്വം അംഗീകാരം നൽകുമോ എന്നാണ് അറിയേണ്ട്. എ കെ ബാലൻ, പിണറായി വിജയൻ, പി കെ ശ്രീമതി എന്നിവരാണ് പ്രായപരിധി മാനദണ്ഡപ്രകാരം ഒഴിവാകേണ്ട കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ. കോടിയേരി ബാലകൃഷ്ണൻ്റെ ഒഴിവും നികത്തേണ്ടതുണ്ട്. കേരളത്തിൽ നിന്നും ടി പി രാമകൃഷ്ണൻ, എം ബി രാജേഷ്, മുഹമ്മദ് റിയാസ്, മേഴ്സിക്കുട്ടിയമ്മ, ടി എൻ സീമ തുടങ്ങിയവരും കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് പരിഗണിക്കപ്പെടുന്നുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.