കോഴിക്കോട്: ചികിത്സയ്ക്കായി മൂന്ന് കോടി രൂപ പിരിച്ചുനൽകിയതിന് രോഗിയുടെ കുടുംബം സമ്മാനിച്ച ഇന്നോവ ക്രിസ്റ്റ കാർ ചാരിറ്റി പ്രവർത്തകൻ ഷമീർ കുന്ദമംഗലം തിരികെ നൽകി. സമ്മാനം കൈപ്പറ്റിയതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഷമീറിൻ്റെ നടപടി.
മലപ്പുറം കൊണ്ടോട്ടിയിൽ വെച്ച് കുടുംബത്തിന് കാറിൻ്റെ താക്കോൽ തിരികെ നൽകുന്നതിൻ്റെ വീഡിയോ ഷമീർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ആ കാറിൽ സമാധാനത്തോടെ സഞ്ചരിക്കാൻ കഴിയില്ലെന്നും, കാർ സ്വീകരിച്ച തൻ്റെ നടപടി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ഷമീർ വ്യക്തമാക്കി. കാറിൻ്റെ താക്കോൽ തന്നപ്പോൾ വേദിയിൽ വെച്ച് തന്നെ അത് നിരസിക്കണമായിരുന്നുവെന്നും, എന്നാൽ അത് കുടുംബത്തിന് പ്രയാസമാകും എന്നതിനാലാണ് ചെയ്യാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ്.എം.എ ബാധിച്ച കുട്ടിയുടെ ചികിത്സക്കായാണ് ഓൺലൈൻ ചാരിറ്റിയിലൂടെ ഷമീർ മൂന്ന് കോടി രൂപ സമാഹരിച്ച് നൽകിയത്. കൊണ്ടോട്ടി മുണ്ടക്കുളം മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ചികിത്സ സഹായ സമിതിയുടെ കണക്ക് അവതരണ ചടങ്ങിലാണ് രോഗിയുടെ കുടുംബം കാറിൻ്റെ താക്കോൽ കൈമാറിയത്. കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു.കാർ സ്വീകരിച്ചതിനെതിരെ ഷമീർ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. കാർ സമ്മാനമായി നൽകാൻ കഴിവുള്ള കുടുംബത്തിന് വേണ്ടിയാണോ പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ചത് എന്നതായിരുന്നു പ്രധാന വിമർശനം. ചികിത്സക്കായി വലിയ തുക ആവശ്യമുള്ള കുടുംബത്തിൽ നിന്ന് കാർ സമ്മാനമായി സ്വീകരിച്ചതും വിമർശനത്തിന് കാരണമായി. ഇതിന് പിന്നാലെ ഷമീർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
ചികിത്സക്കായി പിരിച്ച തുകയിൽ നിന്ന് ഒരു രൂപ പോലും ഈ കാറിന് വേണ്ടി ചിലവഴിച്ചിട്ടില്ല എന്നാണ് ഫേസ്ബുക്ക് ലൈവിൽ വിശദീകരണം നൽകിയത്. രോഗിയുടെ കുടുംബം പിരിവിട്ടാണ് തനിക്ക് കാർ സമ്മാനിച്ചതെന്നും, അത് പുതിയ കാർ അല്ലെന്നും ഷമീർ പറഞ്ഞിരുന്നു. ഏകദേശം 12 ലക്ഷം രൂപ മാത്രം വില വരുന്ന 2017 മോഡൽ കാറാണ് തനിക്ക് സമ്മാനിച്ചതെന്നും ആളുകൾ പങ്കുവെച്ച ചിത്രത്തിലുള്ള 'ജസ്റ്റ് ഡെലിവേർഡ്' എന്ന് രേഖപ്പെടുത്തിയ കാർ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഷമീർ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.