താമരശ്ശേരി: മകന്റെ മരണത്തിന് കാരണക്കാരായ വിദ്യാർത്ഥികളെ പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുവദിക്കരുതായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. മകനും പ്രതീക്ഷകളോടെ പരീക്ഷയെഴുതാൻ കാത്തിരിക്കുകയായിരുന്നുവെന്നും ഇഖ്ബാൽ പറഞ്ഞു.
പ്രതികൾക്കെതിരെ കർശന നടപടികൾ വേണമെന്നും നിലവിലെ അന്വേഷണത്തിൽ അതൃപ്തിയില്ലെന്നും ഇഖ്ബാൽ മാതൃഭൂമിയോട് പ്രതികരിച്ചു. പ്രതികൾക്കായി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്നും പ്രതികളിലൊരാളുടെ പിതാവ് പോലീസിലാണ് ജോലി ചെയ്യുന്നതെന്നും ഇഖ്ബാൽ പറഞ്ഞു."പിടിയിലായ കുട്ടികളുടെ രക്ഷിതാക്കൾ സ്വാധീനമുള്ളവരാണ്. രാഷ്ട്രീയ സ്വാധീനം തൊണ്ണൂറ് ശതമാനവും ഉപയോഗിക്കുമെന്ന ആശങ്കയുണ്ട്. കുട്ടികൾ എന്ത് ചെയ്താലും പരീക്ഷ എഴുതിക്കാം എന്ന ധൈര്യം അവർക്കുണ്ട്. സാധാരണക്കാരായ ആളുകൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. അവർക്ക് സംരക്ഷണം കൊടുക്കാനും സ്വാധീനം ചെലുത്തി രക്ഷപ്പെടാനും നിയമത്തിന്റെ പഴുതുകൾ ഉപയോഗിക്കുന്നു.
മാരകമായ ആയുധം കൊണ്ടാണ് തലയ്ക്കടിച്ചത്. വീട്ടിലുള്ളവർ ഒന്നും അറിഞ്ഞിരുന്നില്ല. അവന്റെ പേരിൽ ഒരു അടിപിടി കേസുള്ളതായി സ്കൂളിൽ നിന്ന് ഒരു അധ്യാപകരും പറഞ്ഞിട്ടില്ല. പ്രതികളായ കുട്ടികളുടെ രക്ഷിതാക്കൾക്കും തീർച്ചയായും ഈ മരണത്തിൽ പങ്കുണ്ട്. കുട്ടികൾ ഈ സ്റ്റേജിലാണ് ഉള്ളതെങ്കിൽ ഇരുപത് വയസ്സ് പൂർത്തിയാകുമ്പോഴേക്കും ഇവർ സമൂഹത്തിന് വലിയ ഭീഷണിയായി മാറും. അന്വേഷണം ഈ രീതിയിൽ പോവുകയാണെങ്കിൽ കുഴപ്പമില്ല. സ്വാധീനം ചെലുത്തി മുന്നോട്ട് നീങ്ങുകയാണെങ്കിൽ വലിയ മനപ്രയാസമുണ്ട്, സഹിക്കാൻ കഴിയില്ല. ഞങ്ങളുടെ മാനസികാവസ്ഥ കണ്ടിരുന്നെങ്കിൽ അവരെ പരീക്ഷ എഴുതാൻ സമ്മതിക്കരുത് എന്നാണ് എന്റെയും കുടുംബത്തിന്റെയും അപേക്ഷ."- ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു.
ഷഹബാസിന് പഠിക്കണമെന്ന് അമ്മാവന്മാരെ വിളിച്ചു പറഞ്ഞിരുന്നുവെന്നും ഒരു ജോലി നേടണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. അവൻ ആഗ്രഹിച്ച രീതിയിൽ ഒന്നും വാങ്ങിക്കൊടുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അവന്റെ അമ്മാവന്മാർ എല്ലാവരും കൂടി ജീവിത സാഹചര്യങ്ങൾ അഡ്ജസ്റ്റ് ചെയ്ത് കൊണ്ടുപോവുകയാണെന്നും പിതാവ് പറഞ്ഞു.
അതേസമയം ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേരിൽ നിന്ന് പോലീസ് മൊഴിയെടുക്കുന്നുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപസ്ഥലത്തുണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്തും. സമീപ സ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കും. മുതിർന്ന ആളുകൾക്ക് കൃത്യത്തിൽ പങ്കുണ്ടോ എന്നാണ് അന്വേഷിക്കുക. വലിയ രീതിയിൽ തലയ്ക്കടിയേറ്റതും അത് വിദ്യാർത്ഥികൾക്ക് മാത്രമായി ചെയ്യാൻ കഴിയില്ല എന്നതും പുറത്തുനിന്ന് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്ന മാതാപിതാക്കളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലുമാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കുട്ടികൾ ഇപ്പോൾ ജുവനൈൽ ജസ്റ്റിസ് ഒബ്സർവേഷനിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.