താമരശേരി: കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി പൊലീസ്. ഷഹബാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നഞ്ചക്ക് പ്രതികളിൽ ഒരാളുടെ വീട്ടിൽനിന്നു കണ്ടെത്തി. നഞ്ചക്ക് കൊണ്ടുള്ള അടിയിൽ തലയോട്ടി പൊട്ടിയതാണു മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ഇതിനു പുറമേ നാലു മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പ്രതികളുടെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇവ ഉപയോഗിച്ചെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ഫോണിൽ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ശബ്ദസന്ദേശങ്ങൾ അടങ്ങുന്ന കൂടുതൽ തെളിവുകളുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിൽ പ്രതികളായ അഞ്ചു വിദ്യാർഥികളുടെ വീടുകളിൽ പൊലീസ് ഇന്നു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയം നടത്തിയ പരിശോധനയിലാണ് ആക്രമണത്തിന് ഉപയോഗിച്ച ആയുധവും ഫോണുകളും കണ്ടെത്തിയത്. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനായി വിശദമായി സിസിടിവി പരിശോധനയും നടത്തിവരികയാണ്. ആക്രമണം നടത്തുന്നതിനായി വാട്‌സാപ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ വിദ്യാർഥികൾ ഉണ്ടാക്കിയിരുന്നു. ഇതിനായി ഉപയോഗിച്ച ഫോണുകളാണ് കണ്ടെത്തിയതെന്നാണു വിവരം. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തിവരികയാണ്.
അതിനിടെ, ഷഹബാസിനെ കൊലപ്പെടുത്തിയ പ്രതികളെ മറ്റു വിദ്യാർഥികൾക്കൊപ്പം ഇരുത്തി പരീക്ഷ എഴുതിപ്പിക്കരുതെന്നും കോഴിക്കോടിനു പുറത്തു മറ്റു ജില്ലയിൽ പ്രത്യേക ബ്ലോക്കിൽ പ്രതികളെ മാത്രം ഇരുത്തി പരീക്ഷ എഴുതിപ്പിക്കണമെന്നും ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്‌സിങ് പൊതുവിദ്യാഭ്യാസ മന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ യാത്രയയപ്പു യോഗത്തിലെ തർക്കവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിനിടെയാണ് ഷഹബാസ് കൊല്ലപ്പെട്ടത്.
നഞ്ചക്ക് കൊണ്ടു തലയ്ക്കുപിന്നിൽ അടിയേറ്റ ഷഹബാസിനെ പുറമേക്കു കാര്യമായ പരുക്കില്ലാത്തതിനാൽ സഹപാഠികൾ വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തിയപാടെ തളർന്നുകിടന്ന ഷഹബാസ് അൽപ സമയത്തിനുശേഷം കുടിച്ച വെള്ളം ഛർദിച്ചു. തുടർന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി. ഫെബ്രുവരി 28 അർധരാത്രിയോടെ ഷഹബാസ് മരിച്ചു. സംഭവത്തിൽ അഞ്ചു വിദ്യാർഥികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.